വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ ഫോറന്‍സിക് പരിശോധനാഫലവുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ച്.
അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് സംഘം റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പരിശോധനാഫലം ഉറപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ഇതേ തുടര്‍ന്ന് വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നൽകി. കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നു ശേഖരിച്ച തെളിവുകളില്‍ വാഹനം ഓടിച്ചിരുന്നത് എന്ന് ശാസ്‌ത്രീയമായി വ്യക്തമാകും.
അപകടം നടന്നയുടൻ എത്തിയവർ, മൊഴി നൽകിയവർ, മറ്റു സാക്ഷികൾ തുടങ്ങിയവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കാൻ തുടങ്ങി. ഇവരുടെയെല്ലാം ഫോൺ വിളി വിവരങ്ങൾ, പള്ളിപ്പുറം ഭാഗത്തെ ടവർ ലൊക്കേഷനിൽ ഇവർ ഉണ്ടായിരുന്നോ എന്നിവയും സൈബർ സഹായത്തോടെ പരിശോധിക്കും.
വാഹനത്തില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ബാലഭാസ്കറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ആഭരണങ്ങള്‍ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറി.
അതേസമയം; ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് പ്രകാശൻ തമ്പി എത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കടത്തിയെന്ന് വ്യക്തമാകാന്‍ കൂടെയെത്തിയ ജമീലിനെയും സനല്‍രാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.