പരിപാടിക്ക് പങ്കെടുക്കാൻ വിളിച്ചപ്പോൾ ഫോണിൽ കൂടി അശ്ലീല സംഭാഷണം നടത്തിയെന്ന യുവതിയുടെ പരാതിയിൽ കുറ്റം സമ്മതിച്ച് നടൻ വിനായകൻ. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് താരം.
യുവതി പൊലീസിന് നൽകിയ വോയിസ് റെക്കോർഡിംഗിൽ സംസാരിക്കുന്നത് താൻ തന്നെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനായകൻ. അതേസമയം, പരാതിപ്പെട്ട പെൺകുട്ടി തനിക്കറിയില്ലെന്നും താരം പറയുന്നു. സംഭവത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ താരം ഹാജരായി. ഇന്നലെ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
കല്‍പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമര്‍ശവുമുണ്ടായിരുന്നു.