Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്: സമരകാലം ഓർത്തെടുത്ത് വിഎസ്

അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്: സമരകാലം ഓർത്തെടുത്ത് വിഎസ്
, തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (13:01 IST)
പുന്നപ്ര വയലാർ സമര വാർഷികത്തോട് അനുബന്ധിച്ച് പഴയ സമരകാലത്തെ ഓർത്തെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്ചുദാനന്ദൻ. ആരോഗ്യസ്ഥിതിയും കോവിഡും കാരണം നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പഴയ സമരകാലം ഓർത്തെടുത്ത് വിഎസ് രംഗത്തെത്തിയത്.  
 
ഫെയ്സ്ബുക്ക് കൂറിപ്പിന്റെ പൂർണരൂപം 
 
പ്രിയ സഖാക്കളെ,
 
എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്, ജനകീയ സമര മുന്നേറ്റങ്ങളിലെ രോമാഞ്ചജനകമായ പുന്നപ്ര വയലാര്‍സമരത്തിന്‍റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചാണ്. മലബാറിലെ കര്‍ഷക സമരങ്ങളോടൊപ്പം, ഇന്ത്യയിലെ തന്നെ എടുത്തുകാട്ടാവുന്ന ജനകീയ മുന്നേറ്റമായിരുന്നു, പുന്നപ്ര-വയലാര്‍ സമരം.  രാഷ്ട്രീയ സമരമായിരുന്നു, അത്.  
 
അമേരിക്കന്‍ മോഡലില്‍ ഒരു ഭരണഘടനയുണ്ടാക്കി, തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കുകയും അതിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാതെ നിലനിര്‍ത്തുകയും ചെയ്യാമെന്ന് ദിവാന്‍ പദ്ധതിയിട്ടു. അതിനെതിരായി, "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യമുണ്ടായി. ദിവാന്‍ രാജാവുമായി ആലോചിച്ച് നടത്തുന്ന ഭരണമല്ല, ഉത്തരവാദിത്വ ഭരണം വേണം എന്നതായിരുന്നു, അടുത്ത മുദ്രാവാക്യം. ഉത്തരവാദിത്വ ഭരണം എന്നാല്‍ ജനായത്ത ഭരണം എന്നര്‍ത്ഥം. ഇത്തരം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കയര്‍ത്തൊഴിലാളി യൂണിയന്‍റെ ഹാളില്‍ വെച്ച് തൊഴിലാളികളുടെ ഇതര ഡിമാന്‍റുകളും കൂട്ടിച്ചേര്‍ത്ത് സമരം ആരംഭിക്കുന്നത്. 
 
ആദ്യം അത് തൊഴിലാളികളുടെ പണിമുടക്ക് സമരമായും ക്രമേണ രാഷ്ട്രീയ പണിമുടക്കായും സൈനിക സമരമായും വികസിക്കുകയായിരുന്നു. അത്തരമൊരു സമരം ഒരുപക്ഷെ, ഇന്ത്യയില്‍ മറ്റൊരിടത്തും നടന്നിട്ടില്ല. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെയും, അതിനു മുമ്പ് നടന്ന കയ്യൂര്‍ സമരത്തിന്‍റേയുമെല്ലാം ഭാഗമായി, അടിയുറച്ച തൊഴിലാളി-കര്‍ഷക ഐക്യം ഇവിടെ വേരുറപ്പിച്ചു. ജനാധിപത്യ വിപ്ലവത്തിന്റെ വര്‍ഗ സഖ്യ ശക്തിയായി അത് പരിണമിച്ചു. അതുകൊണ്ടാണ് അതിന് തെരഞ്ഞെടുപ്പ് സഖ്യങ്ങളിലും വിജയം നേടാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്.  

ഇതിനെക്കാള്‍ രക്തരൂക്ഷിതമായ സമരങ്ങള്‍ നടന്ന തെലങ്കാനയില്‍ പോലും, തെരഞ്ഞെടുപ്പ് സമരങ്ങള്‍ വന്നപ്പോള്‍ ബൂര്‍ഷ്വാ വിഭാഗങ്ങള്‍ കര്‍ഷകര്‍ക്കെതിരായ നിലപാടിലാണ് എത്തിച്ചേര്‍ന്നത്. എന്നുവെച്ചാല്‍, തൊഴിലാളി കര്‍ഷക സഖ്യത്തിന്റെ കൈകളില്‍ മുഴുവന്‍ രാഷ്ട്രീയ സത്തയും വന്നുചേരുന്ന സ്ഥിതിയുണ്ടായില്ല. അക്കാലത്ത് ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും തൊഴിലാളികളായിരുന്നു. കയര്‍ത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ചെത്ത് തൊഴിലാളികളും ബീഡിത്തൊഴിലാളികളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. 
 
മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണത്തിനിരയായ ഈ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങി. അവരെ സംഘടിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പത്ത് പന്ത്രണ്ട് തൊഴിലാളി യൂണിയനുകളുണ്ടായിരുന്നു. ശക്തമായ എതിര്‍പ്പാണ് മുതലാളിമാരില്‍നിന്നും ജന്മിമാരില്‍നിന്നും നേരിടേണ്ടിവന്നത്. പക്ഷെ, തൊഴിലാളികള്‍ സമരരംഗത്ത് ഉറച്ചുനിന്നു. അവരുടെ മുദ്രാവാക്യങ്ങളിലും ഡിമാന്‍റുകളിലും കേവലം സേവന വേതന വ്യവസ്ഥകള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത്, അതൊരു രാഷ്ട്രീയ സമരമായി വികസിക്കുകയായിരുന്നു.
 
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തില്‍ തൊഴിലാളിവര്‍ഗം ഉത്തരവാദിത്വ ഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനും വേണ്ടി നടത്തിയ സമരങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.  തൊഴിലാളിവര്‍ഗത്തിന്റെ ഈ ഡിമാന്‍റുകള്‍ക്ക് നേരെ എതിര്‍ ദിശയില്‍, അമേരിക്കന്‍ മോഡല്‍ ഭരണം നടപ്പാക്കാന്‍ ശ്രമിച്ച ദിവാനെതിരെ നടന്ന രാഷ്ട്രീയ പണിമുടക്കും അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുമാണ് പുന്നപ്ര-വയലാര്‍ സമരം. അങ്ങനെയൊരു സമരം ഇന്ത്യയില്‍ വേറെ എവിടെയും നടന്നിട്ടില്ല.  
 
തൊഴിലാളികള്‍ വെച്ച ഡിമാന്‍റ് നോട്ടീസില്‍ പറഞ്ഞത് ഉത്തരവാദിത്വ ഭരണം വേണമെന്നും, അമേരിക്കന്‍ മോഡല്‍ ഭരണം പാടില്ലെന്നും, പ്രായപൂര്‍ത്തി വോട്ടവകാശം വേണമെന്നുമെല്ലാമായിരുന്നു. ഈ ആവശ്യങ്ങള്‍ തൊഴിലാളികളുടെ ഡിമാന്റല്ല എന്നായിരുന്നുവല്ലോ ദിവാന്‍റെ നിലപാട്. ഈ ഡിമാന്റുകള്‍ ഒഴിവാക്കി ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശം പക്ഷെ തൊഴിലാളികള്‍ക്ക് സ്വീകാര്യമായില്ല. ഇതിനിടെ, കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കുമെതിരെയുള്ള സമരത്തിന്‍റെ രാഷ്ട്രീയ മുഖം അതോടെ വ്യക്തമായി.  
 
ജന്മിമാരുടെ സംരക്ഷകരായ രാജ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബ്ബന്ധിതരായി. അവര്‍ക്ക് പരിശീലനം നല്‍കാന്‍ വിമുക്ത ഭടന്മാര്‍ തയ്യാറായി. 1946 സെപ്തംബറില്‍ തൊഴിലാളികള്‍ ഒരു പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. അതൊരു കലാപമായി വളര്‍ന്നു. ദിവാന്റെ സര്‍ക്കാര്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. യുദ്ധ പരിശീലനം ലഭിച്ച തൊഴിലാളികള്‍ യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങളുമായി എതിരിട്ടു. ഇരുനൂറോളം തൊഴിലാളികളാണ് ആ യുദ്ധഭൂമിയില്‍ വെടികൊണ്ട് വീണത്. ഒരുപക്ഷെ ഇന്ത്യയില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും സഖ്യം പ്രാവര്‍ത്തികമാക്കിയത് കേരളത്തിലാണെന്ന് കാണാം.  
 
ആലപ്പുഴയിലെ തൊഴിലാളികളുടെ കൂട്ടത്തില്‍ ബീഡിത്തൊഴിലാളിയും ചെത്ത് തൊഴിലാളിയും കയര്‍ തൊഴിലാളിയും മാത്രമല്ല, കര്‍ഷകത്തൊഴിലാളിയും ഉണ്ടായിരുന്നു. അതൊരു സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രായോഗിക പ്രയോഗമായിരുന്നു. തൊഴിലാളി കര്‍ഷക സഖ്യത്തിന്റേതായ ലെനിനിസ്റ്റ് കാഴ്ച്ചപ്പാട് പുന്നപ്ര വയലാറില്‍ തെളിഞ്ഞു കണ്ടു. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായിരുന്നു, മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പാര്‍ട്ടി. അപ്പോള്‍ കോണ്‍ഗ്രസ്സോ എന്ന് ചോദിക്കാം. മലബാറില്‍ മാത്രമായിരുന്നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കൊച്ചിയില്‍ അത് പ്രജാമണ്ഡലമായിരുന്നു. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും.  
 
തൊഴിലാളികളുടെയും കര്‍ഷകരുടെയും ഡിമാന്‍റുകളെയും സ്വാതന്ത്ര്യ താല്‍പ്പര്യത്തെയും ബന്ധിപ്പിച്ച്, ഇന്ത്യാ രാജ്യം എന്നൊരു രാജ്യമുണ്ടാക്കാനായി പ്രവര്‍ത്തിച്ച പാര്‍ട്ടിയായതിനാലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ വേരുറപ്പിച്ചത്. മുതലാളിമാര്‍ക്കും ജന്മിമാര്‍ക്കും ഭരണകൂടത്തില്‍നിന്ന് ലഭിച്ചുപോന്ന നിര്‍ലോപമായ പിന്തുണയും, നാട്ടില്‍ നിലനിന്ന കൊടിയ ദാരിദ്ര്യവുമാണ് അന്ന് കമ്യൂണിസ്റ്റുകാര്‍ നേരിട്ട വെല്ലുവിളി. ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ പുന്നപ്ര-വയലാര്‍ സമരസന്ദേശം ഏറെ പ്രസക്തമാണ്.  
 
ഇടതു മതേതര പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഭരണസംവിധാനങ്ങള്‍ക്കേ, ഇന്ത്യയിലെ മതനിരപേക്ഷത നിലനിര്‍ത്താനും പാവപ്പെട്ടവരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരേയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ചേര്‍ത്തു നിര്‍ത്താനും കഴിയൂ. അത്തരത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇടതു മതനിരപേക്ഷ പാര്‍ട്ടികളുടെ ശക്തി വര്‍ധിപ്പിക്കാന്‍ സഹായകരമായ രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്താന്‍ സ്വയം സമര്‍പ്പിക്കുക എന്നതാണ്, പുന്നപ്ര-വയലാര്‍ രണധീരന്മാരുടെ വീരസ്മരണ പുതുക്കുന്ന ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ ക്ലാസുകൾ നവംബർ 2ന് ആരംഭിയ്ക്കും; ക്ലാസുകൾ രാവിലെ 9.30 മുതൽ 10.30 വരെ