Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനായിരുന്നു ഈ വൃത്തികേടും പേക്കൂത്തും? - വൈറലായി പോസ്റ്റ്

ലൂസിഫർ സിനിമയിലെ "വരിക വരിക സഹജരെ" ഗാനം വിവാദത്തിലേക്ക്..

എന്തിനായിരുന്നു ഈ വൃത്തികേടും പേക്കൂത്തും? - വൈറലായി പോസ്റ്റ്
, വെള്ളി, 29 മാര്‍ച്ച് 2019 (11:51 IST)
ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടന്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം വിവാദത്തിലേക്ക്. 
 
ഗോപി സുന്ദറിന്റേതാണ് സംഗീതം. ഇതിലെ ഒരു ഗാനം റിലീസ് ചെയ്തിരുന്നു. ദേവരാജൻ മസ്റ്ററുടെ വരിക വരിക സഹജരെ എന്ന ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. എന്നാൽ, മനോഹരമായ ഗാനത്തെ ദീപക് ദേവ് വൃത്തികേടാക്കിയെന്നും മാസ്റ്റർ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും ദേവരാജൻ മാസ്റ്ററുടെ മെമ്മോറിയൽ ട്രെസ്റ്റ് ചോദിക്കുന്നു. ട്രെസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കാണാൻ ഭംഗിയും ഓമനത്തവുമുള്ള പിഞ്ചു കുഞ്ഞുങ്ങളെ തട്ടിയെടുത്ത ശേഷം കണ്ണു കുത്തി പൊട്ടിച്ചും അംഗ വിഹീനരാക്കിയും ഭിക്ഷാടനത്തിനുപയോഗിക്കുന്ന ഭിക്ഷാടന മാഫിയയെ ഓർമ്മിപ്പിക്കുന്ന സംഗീത ചോരണമാണ് അടുത്തകാലത്തായി മലയാള ചലച്ചിത്ര സംഗീത രംഗത്തെ ചില 'സംഗീതജ്ഞർ' ചെയ്യുന്നത്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ' ലൂസിഫർ' എന്ന സിനിമയിൽ 'കൈകാലുകൾ ഛേദിക്കപ്പെട്ട്, കണ്ണുപൊട്ടിച്ച്' വികലമാക്കി ഉപയോഗിച്ച വരിക വരിക സഹജരേ എന്ന സമര ഗാനം. 
 
ഉറങ്ങിക്കിടന്ന ഒരു ജനതയെ സമരോൽസുകരാക്കിയ ആ ഗാനത്തിന് ജി.ദേവരാജൻ മാസ്റ്റർ നൽകിയ ഈണം, ദേഹവും ദേഹിയും പോലെ പരസ്പരബന്ധിതമാണ്. മാസ്റ്റർ നേരിട്ടു പഠിപ്പിച്ച ഗായകർ വേദിയിൽ അവതരിപ്പിക്കുന്നതും ദൂരദർശനു വേണ്ടി റെക്കാഡ് ചെയ്തവതരിപ്പിക്കുന്നതും കേൾക്കുകയും, കാണുകയും ചെയ്തിട്ടുള്ള ഒരു സംഗീത പ്രേമിക്ക്, ദീപക് ദേവ് എന്ന സംഗീത സംവിധായകൻ വികലമാക്കിയ ഈ ഗാനം കേൾക്കുമ്പോൾ ദു:ഖവും, രോഷവും ഉണ്ടാവുക സ്വാഭാവികം. 
 
മഹാകവി കാളിദാസൻ മുതൽ വലുതായി അറിയപ്പെടാത്ത എഴുത്തുകാർ വരെയുള്ളവരുടെ കൃതികളെ മാസ്റ്റർ സമീപിച്ചത് ഒരേ വികാരത്തോടെയായിരുന്നു. എഴുത്തുകാരൻ ഉദ്ദേശിച്ച ഭാവം കേൾവിക്കാരനിലേക്ക് ആഴ്ന്നിറങ്ങാൻ പോന്ന സംഗീതം മാത്രമേ മാസ്റ്റർ സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് മലയാള ചലച്ചിത്ര സംഗീതത്തിലെ ഒരേ ഒരു മാസ്റ്ററായി ദേവരാജൻ മാറിയത്. കീബോർഡുപയോഗിച്ചുള്ള ഒരു ബെൽ ശബ്ദം പോലും എവിടെ എങ്ങിനെ ഉപയോഗിക്കണമെന്ന് മാസ്റ്റർക്ക് കാഴ്ചപ്പാടുണ്ടായിരുന്നു. 
 
സ്വന്തം ഗാനങ്ങളിൽതബല ഉൾപ്പെടെയുള്ള താളവാദ്യങ്ങളുടെ താളക്രമം നിശ്ചയിച്ചിരുന്നതും മാസ്റ്റർ തന്നെയായിരുന്നു. അന്യഭാഷകളിൽ നിന്നും മോഷ്ടിച്ച ഈണവും, കമ്പ്യൂട്ടർ പ്രോഗാമിംഗ് അറിയാവുന്ന ഒരാളും, പിന്നെ അത്യാവശ്യം ചർമ്മശേഷിയും കൂടിയായാൽ സംഗീത സംവിധായകനും, റിയാലിറ്റി ജഡ്ജിയും സൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഇതൊന്നും തെറ്റല്ലായിരിക്കാം. പാടിക്കഴിഞ്ഞ ശേഷം ഒരക്ഷരമോ ഒരു ദീർഘമോ തെറ്റിയാൽ അവ മാത്രം ശരിയാക്കാനും, ഏതു കഴുത രാഗക്കാരന്റെയും ശ്രുതി, ശുദ്ധമാക്കാനും പോന്ന സാങ്കേതിക വിദ്യകൾ നമുക്ക് സ്വന്തമാണ്. അതിന്റെ പിൻബലത്തിൽ പലരും മഹാ സംഗീതജ്ഞരായി വിലസുന്നുമുണ്ട്. ആയിക്കോളൂ. തർക്കമില്ല! 
 
ഇവയൊന്നുമില്ലാത്ത കാലത്ത് പാട്ടുകാരും ഉപകരണ സംഗീതക്കാരും സംഗീത സംവിധാകനിൽ നിന്ന് നേരിട്ടു പഠിച്ച് പാടി റെക്കോഡ് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ആ സുവർണ്ണകാലത്തിലെ മനോഹര സൃഷ്ടികളിലൊന്നാണ്. 'വരിക വരിക സഹജരേ'. മുരളി ഗോപി എന്ന മികച്ച ഗായകനിലൂടെ ദീപക് ദേവ് ഈ ഗാനത്തിൽ കാട്ടിക്കൂട്ടിയ വൃത്തികേടും, ഓർക്കസ്ട്രേഷൻ എന്ന പേരിൽ ചെയ്തിരിക്കുന്ന പേക്കൂത്തും അസഹ്യം മാത്രമല്ല, അശ്ലീലവുമാണ്.
 
മാസ്റ്ററുടെ ഗാനങ്ങൾ കാസറ്റിലൂടെ പുനർ സൃഷ്ടിച്ച് ഞെളിഞ്ഞു നടന്ന ഗായകന് മാസ്റ്റർ Legal Notice അയച്ചതും, ഗായകൻ വന്ന് സാഷ്ടാംഗം വീണതും എനിക്ക് നേരിട്ടറിയാം. മോഷ്ടിച്ച ഈണത്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്ത് മോഷണത്തെ നിയമ വിധേയമാക്കിയപ്പോൾ അടങ്ങിയിരുന്നില്ല മാസ്റ്റർ. അന്നുവരെ ലഭിച്ച സംസ്ഥാന ബഹുമതികൾ മുഴുവൻ തിരികെ നൽകി പ്രതിഷേധിച്ചയാളാണ് മാസ്റ്റർ. 
 
ലൂസിഫറിൽ ദീപക് ദേവ് ചെയ്ത വൃത്തികേട് (മിതമായ ഭാഷ) CIA എന്ന സിനിമയിൽ ഗോപി സുന്ദറും ചെയ്തിട്ടുണ്ട്. ബലികുടീരങ്ങളേ എന്ന വിഖ്യാത ഗാനത്തോടായിരുന്നു ആ അതിക്രമം. നിർമ്മാതാവിനോട് അവകാശം വാങ്ങിയിട്ടുണ്ട് എന്ന സാങ്കേതികത്വം പറഞ്ഞ് നിങ്ങൾ രക്ഷപ്പെടുമായിരിക്കാം. മാസ്റ്ററുടെ കുടുംബവുമായി ബന്ധമുള്ള ആളെന്ന നിലയിൽ പറയാം, അവരാരും നിങ്ങളോട് ചോദിക്കാൻ വരില്ല. മേൽ സൂചിപ്പിച്ച ഗാനങ്ങളുടെ സംഗീത സംവിധാനം ദീപക് ദേവും, ഗോപി സുന്ദറുമാണെന്ന് പുതുചരിത്രവും കുറിക്കപ്പെട്ടേക്കാം. കാലം അത്രക്ക് കെട്ടതാണ്.
 
മാസ്റ്റർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പാട്ടിൽ കൈവയ്ക്കാൻ ആരെങ്കിലും മുതിർന്നിരുന്നുവെങ്കിൽ അവർക്കെല്ലാം മാസ്റ്റർ ' നല്ല നമസ്കാരം' പറയുമായിരുന്നു. ഞാൻ നീതിപുലർത്തി നീതിപുലർത്തി എന്നു അദ്ദേഹം പ്രതികരിക്കുമായിരിക്കും.. തിന്നുകയുമില്ല തീറ്റിക്കയുമില്ലെന്ന സ്ഥിരം വാദം ഇവിടെ പ്രസക്തമല്ല...ഈ പുല്ലിന്റെ മധുരം കോടി മലയാളികൾ അറിഞ്ഞതാണ്...അതേ പുല്ലിനെ പഴം പുല്ലാക്കി മറ്റൊരു ചട്ടിയിൽ കൊടുത്താൽ തൊടാതെ വിഴുങ്ങുന്നവർ അല്ല യഥാർത്ഥ മലയാളി ആസ്വാദകർ...
 
10 പേരല്ല ...ഇത്തരം ഗാന ചോരണ ആഭാസങ്ങൾക്കെതിരെ ലക്ഷങ്ങൾ പ്രതികരിക്കും... അതിനു പോന്ന സംഘടനകളും...മാസ്റ്ററുടെ പാട്ടുകളെ സ്നേഹിക്കുന്നവരും...കേരളം ഉള്ളിടത്തോളം കാണും.... അതു വരും ദിവസങ്ങളിൽ ബോധ്യമാകും...
 
N.B:ഈ പ്രതികരണം ഒരിക്കലും "ലൂസിഫർ" എന്ന സിനിമയ്ക്ക് എതിരല്ല .. അതു നിരവധിപേരുടെ വിയർപ്പെന്ന് കൃത്യമായ ബോധ്യമുണ്ട്...മഹാന്മാരുടെ സൃഷ്ടികളെ വികലമാക്കി ഉപയോഗിക്കുന്ന ബുദ്ധികൾക്കെതിരെ യുള്ള പ്രതികരണം മാത്രം.... വരിക വരിക സഹജരെ സഹന സമര സമയമായ്..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേന്ദ്രനെ തള്ളി ശ്രീധരൻപിള്ള: ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കില്ല