ബിഗ് ബോസ് വീട്ടിലെ കളിക്കാർ തമ്മിൽ നടത്തിയ ലക്ഷ്വറി ബജറ്റ് ടാസ്കിനു പിന്നാലെ ക്യാപ്റ്റൻസി ടാസ്കിനായുള്ള മികച്ച മത്സരാർത്ഥികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പും കഴിഞ്ഞ ദിവസം ഹൌസിനുള്ളിൽ നടന്നു. ഇതിൽ എടുത്തു പറയേണ്ടത് രജിത് കുമാർ എന്ന വ്യക്തിയുടെ പെർഫോമൻസും ഇരവാദവുമാണ്.
മികച്ച 3 മത്സരാർത്ഥികളെ ക്യാപ്റ്റൻസി ടാസ്കിലേക്കും മോശം 2 മത്സരാർത്ഥികളെ ജയിലിലേക്കും തിരഞ്ഞെടുക്കുക എന്നതായിരുന്നു ബിഗ് ബോസ് പറഞ്ഞത്. വിജയിച്ച ഗ്രൂപ്പിൽ നിന്ന് മൂന്നു പേരെയാണ് ക്യാപ്റ്റൻസി ടാസ്കിലേയ്ക്ക് തെരഞ്ഞെടുക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതിൽ ഏറ്റവും ശ്രദ്ധയോടെ നോക്കികാണേണ്ടത് രജിത് കുമാറിന്റെ സ്ട്രാറ്റർജിയാണ്.
വിജയിച്ച ഗ്രൂപ്പിലെ അംഗമായിരുന്നു രജിത്. താൻ ക്യാപ്റ്റൻസി ടാസ്കിനില്ലെന്ന് പുള്ളി ആദ്യം തന്നെ വ്യക്തമാക്കി. തന്നെ ക്യാപ്റ്റൻസി ടാസ്കിലേയ്ക്ക് തെരഞ്ഞെടുക്കേണ്ടെന്നും ഗ്രൂപ്പിലെ ആര്യ, വീണ, ഷാജി എന്നിവരെ താൻ നോമിനേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു രജിത് പറഞ്ഞത്. ഒപ്പം തന്നെ സ്വയം മോശം കളിക്കാരനായി തെരഞ്ഞെടുക്കുകയും ചെയ്തു അദ്ദേഹം. കഴിഞ്ഞ ടാസ്കിലെ പരാജയത്തിനുള്ള ശിക്ഷയായി തനിക്കു പകരം ആര്യയായിരുന്നു ജയിൽ വാസം അനുഭവിച്ചതെന്നും ആയതിനാൽ ജയിലിലേക്ക് പോലാൻ താൻ ഒരുക്കമാണെന്നുമായിരുന്നു രജിത് കുമാർ പറഞ്ഞത്.
രജിത്ത് പക്വതയില്ലാതെ പെരുമാറിയെന്നായിരുന്നു പൊതുവെ ഉയർന്ന ആരോപണം. ഒടുവിൽ രജിതും ഫുക്രുവുമായിരുന്നു ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. എന്നാൽ, ജയിലിനകത്തെത്തിയപ്പോൾ രജിതിന്റെ ഭാവം മാറി. സ്ഥിരം ഇരവാദം അയാൾ ഉന്നയിക്കാൻ തുടങ്ങി. ഇത് നീതി അല്ലെന്നും ഇൻജസ്റ്റിസ് ആണ് ഇവിടെ നടന്നതെന്നും ജസ്ലയും സൂരജുമായിരുന്നു ജയിലിൽ എത്തേണ്ടിയിരുന്നതെന്നും രജിത് പറഞ്ഞു.
ഹൌസിനുള്ളിലുള്ളവർ, തന്റെ തന്നെ ടീം അംഗങ്ങൾ തനിക്കെതിരെ കളിച്ചെന്നും ഇൻജസ്റ്റിസ് ആണിതെന്നും രജിത് ഫുക്രുവിനോട് പറഞ്ഞു. ജസ്റ്റിസിനു വേണ്ടി വാദിക്കുന്ന രജിത് എന്തുകൊണ്ട് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ട സമയത്ത് പറഞ്ഞില്ല? ക്യാപ്റ്റൻസിക്ക് മത്സരിക്കാൻ സ്വന്തം പേര് പറഞ്ഞില്ലെങ്കിലും ജയിലിലേക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ ജസ്ലയുടേയും സൂരജിന്റേയും പേരുകൾ എന്തുകൊണ്ട് പറഞ്ഞില്ല?. നീതിയും അനീതിയും ഇരവാദം ഉന്നയിക്കാൻ എപ്പോഴും എടുത്തുയർത്തുന്ന ആളാണ് രജിത്.
ഇതേച്ചൊല്ലി ഹൌസിനകത്ത് ഇന്ന് വഴക്കിനുള്ള സാധ്യതയുണ്ട്. എന്തുകൊണ്ട് അപ്പോൾ ഈ കാര്യം ഉന്നയിച്ചില്ലെന്ന് സൂരജും ആര്യയും രജിതിനോട് ചോദിക്കുന്നുണ്ട്. ‘ചേട്ടൻ തന്നെയാണ് ചേട്ടന്റെ പേര് പറഞ്ഞതെന്ന്‘ വീണയും പറയുന്നുണ്ട്. പുണ്യാളനായി ജയിലിൽ പോയി ശിക്ഷ വാങ്ങി സിമ്പതി പിടിച്ചു പറ്റാനുള്ള രജിതിന്റെ എല്ലാ പ്ലാനിംഗും കറക്ടായി പുറത്തു നടക്കുന്നുമുണ്ട്. അത് മറ്റാരേക്കാളും രജിതിനു നന്നായി അറിയാം.