Publish Date: Sat, 04 Aug 2018 (16:11 IST)
Updated Date: Sat, 04 Aug 2018 (16:15 IST)
ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കര. ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. വമ്പൻ സിനിമകൾ ബിഗ് സ്ക്രീനിൽ മാത്രമല്ല ഇത്തവണ മിനി സ്ക്രീനിലും കാണാം.
ഇത്തവണയും പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോ തന്നെയാണ് ഓണത്തിനുണ്ടാവുക. ഏഷ്യാനെറ്റ്, സൂര്യ ടിവി , മഴവിൽ മനോരമ തുടങ്ങി എല്ലാ ചാനലുകളും ഇത്തവണ കടുത്ത മത്സരമാണ് നടത്തുന്നത്. ഇതിൽ പുത്തൻ സിനിമകൾ സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടി വി ആണ്.
ജൂലൈ മാസം തിയറ്ററുകളിലേക്ക് എത്തിയ നീരാളി ഓണത്തിന് നിങ്ങളുടെ ലിവിങ് റൂമിലേക്ക് എത്തുകയാണ്. എത്തിക്കുന്നത് സൂര്യ ടിവിയാണ്. തിയറ്ററുകളില്‍ കാര്യമായ പ്രദര്‍ശനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. നാദിയ മൊയ്തു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും നീരാളിയ്ക്കുണ്ടായിരുന്നു.
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, ടൊവിനോ തോമസും ഐശ്വര്യയും പ്രേക്ഷകരെ വിസ്മയിപ്പിച്ച മായാനദി എന്നീ ചിത്രങ്ങളും സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പ, മാസ്റ്റർപീസ്, ഒരായിരം കിനാക്കൾ, പഞ്ചവർണ്ണ തത്ത, ആദി എന്നിവയാണ് സൂര്യ ടി വി സ്വന്തമാക്കിയിരിക്കുന്ന മറ്റ് സിനിമകൾ.
അതേസമയം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, വിജയ് ചിത്രം മെർസൽ, കുട്ടൻപിള്ളയുടെ ശിവരാത്രികൾ, മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സ്, പൂമരം, ക്യാപ്റ്റൻ, അരവിന്ദന്റെ അതിഥികൾ, സുഡാനി ഫ്രം നൈജീരിയ എന്നിവയാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയ ചിത്രങ്ങൾ.