Publish Date: Fri, 27 Aug 2021 (10:31 IST)
Updated Date: Fri, 27 Aug 2021 (10:37 IST)
2002ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയിലൂടെയാണ് നടി ചന്ദ്ര ലക്ഷ്മണ്‍ അഭിനയജീവിതം തുടങ്ങുന്നത്. സിനിമയ്ക്കപ്പുറം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചപ്പോഴാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം തിരുവനന്തപുരത്താണ് ജനിച്ചത്. 38 വയസ്സ് കഴിഞ്ഞിട്ടും നടി ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.
മലയാളത്തിനു പുറമെ തമിഴിലും നടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കടമറ്റത്ത് കത്തനാര്‍, അലകള്‍, മേഘം തുടങ്ങി എത്രയെത്രയോ സീരിയലുകള്‍ താരം വേഷമിട്ടു. 2002 മുതല്‍ മുതല്‍ 2010 വരെയുള്ള കാലയളവിലാണ് ചന്ദ്രയെ സിനിമകള്‍ കണ്ടത്. തന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നോട് പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തോടെ അടുക്കുമ്പോള്‍ നടക്കാതെ പോവുകയും ചെയ്തിട്ടുണ്ടെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 38-ാം വയസ്സില്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് ചന്ദ്ര.
ജനപ്രിയ ടെലിവിഷന്‍ സീരിയലായ സ്വന്തം സുജാതയിലെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യമറിയിച്ചത്. 2016ന് ശേഷം സീരിയലുകളില്‍ നിന്ന് നടി ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചു വരവ് നടത്തിയത് സ്വന്തം സുജാതയിലൂടെയാണ്.
തന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് നടി മനസ്സ് തുറന്നത്.
'അതെ, ഇതാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാര്‍ഥനകളില്‍ ഓര്‍ക്കുക. വഴിയേ എല്ലാം അറിയിക്കാം'-ചന്ദ്ര കുറിച്ചു.