യൂണിയന്‍ ബജറ്റ് 2018: കാർഷിക വിപണികൾക്കായി 2000 കോടി
പൊതുബജറ്റ്; കർഷകർക്ക് ആശ്വസിക്കാം
Publish Date: Thu, 01 Feb 2018 (11:28 IST)
Updated Date: Thu, 01 Feb 2018 (11:29 IST)
രാജ്യത്തെ കാർഷികോത്പാദനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയിൽ. 2000 കോടിയാണ് രാജ്യത്തെ കാർഷിക വിപണികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുന്നത് സർക്കാരിന്റെ ലക്ഷ്യം. കാർഷിക വിപണികൾക്കായി 2000 കോടി. റെക്കോർഡ് ഭക്ഷ്യോൽപാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു നൽകാൻ നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.
കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് രാവിലെ 11നു ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കിയിരുന്നു.