അറിയാമോ ? എങ്ങനെയുള്ള മുറിയായിരിക്കണം അതിഥികള്‍ക്കായി ഒരുക്കേണ്ടതെന്ന് ?
അതിഥികള്‍ക്കായി മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്നത്തെ വീടുകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് അതിഥിമുറി. സമൂഹത്തിലെ നിങ്ങളുടെ സ്ഥാനമുറപ്പിക്കല്‍ കൂടിയാണ് അതിഥി മുറി ഭംഗിയായി അലങ്കരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന തരത്തില്‍ വളരെ ലളിതമായായിരിക്കണം ഇത് അലങ്കരിക്കേണ്ടത്. നിങ്ങള്‍ ഒരു വീട്ടിലേക്ക് അതിഥിയായി ചെല്ലുന്ന വേളയില്‍ അവിടെ എന്തെല്ലാമാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, അതുപോലെയുള്ള മുറിയായിരിക്കണം നിങ്ങളും ഒരുക്കാന്‍ ശ്രദ്ധിക്കേണ്ടത്.
സാധാരണയായി മറ്റു മുറികളുടെ അത്രതന്നെ വലുപ്പം അതിഥിമുറികള്‍ക്ക് ഉണ്ടാകാറില്ല. അതുകൊണ്ട് ഒരിഞ്ചു സ്ഥലംപോലും പാഴാക്കാത്ത തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലിയ കട്ടിലുകള്‍ക്കു പകരം സോഫാസെറ്റോ മടക്കിവയ്ക്കാവുന്ന തരത്തിലുള്ള കട്ടിലുകളോ ഇവിടെ ഉപയോഗിക്കുന്നത് നല്ലതാണ്. സോഫാം കം ബെഡ് എന്നതായിരിക്കും ഇത്തരം മുറികളിലേക്ക് ഏറ്റവും അനുയോജ്യം.
എപ്പോഴും ഉപയോഗിക്കാത്ത മുറിയായതു കൊണ്ടുതന്നെ കൂടുതല്‍ അലങ്കാരവസ്തുക്കളൊന്നും ഇവിടെ വയ്ക്കേണ്ട ആവശ്യമില്ല. അതുപോലെ വെളള നിറത്തില്‍ പെട്ടെന്ന് അഴുക്ക് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ അതിഥിമുറിയില്‍ വെളളനിറം കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. സാധാരണ ലൈറ്റുകള്‍ക്ക് പകരമായി ബെഡ്ലാംപുകളോ ഷേഡുള്ള തരം ലൈറ്റുകളോ അതിഥിമുറിയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ചുവരിന്റെ നിറത്തിനു ചേരുന്ന തരത്തിലുള്ള ലൈറ്റുകള്‍ തെരഞ്ഞെടുക്കുന്നതും നല്ലതാണ്. ഭംഗിയുള്ളതും ലളിതമായതുമായ പൂപ്പാത്രങ്ങളോ പൂക്കളോ അതിഥി മുറിയില്‍ വയ്ക്കുന്നതും ചുവരുകളില്‍ ആകര്‍ഷകമായ പെയിന്‍റിംഗുകള്‍ തൂക്കുന്നതും നല്ലതാണ്. അതിഥിമുറിയോടു ചേര്‍ത്തായിരിക്കണം കുളിമുറി ഉണ്ടാക്കേണ്ടത്. അതുപോലെ ബക്കറ്റ്, സോപ്പ്, ഷാംപൂ, ടവല്‍ തുടങ്ങിയവയും കുളിമുറിയില്‍ സൂക്ഷിക്കുകയും വേണം.