Publish Date: Mon, 24 Apr 2017 (17:30 IST)
Updated Date: Wed, 26 Apr 2017 (16:14 IST)
നിര്‍മ്മിതിയും പ്രകൃതിയും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുന്നിടത്താണ് വാസ്തുവിന്റെ പ്രാധാന്യം. നിര്‍മ്മിതികളിലൂടെ പറ്റുന്ന പല അപാകതകളും മറ്റുമെല്ലാം വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. സമൃദ്ധിയുടെ ഒഴുക്കിനെ സുഗമമാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒരു വാസ്തു യന്ത്രമാണ് കുബേര യന്ത്രം. ഈ യന്ത്രം സ്ഥാപിക്കുന്നത് തൊഴില്‍ സ്ഥലത്തോ ഗൃഹത്തിലോ ആയിക്കൊള്ളട്ടെ, അത് മനുഷ്യ ജീവിതത്തില്‍ ആഹ്ലാദാനുഭവങ്ങളുടെയും സമ്പത്തിന്റെയും കാരണമായിത്തീരുമെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കുളിച്ച് ശുദ്ധമായി ഇഷ്ട ദേവതയോടൊപ്പം വച്ചാണ് കുബേര യന്ത്രം പൂജിക്കേണ്ടത്. വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് വീട്, ഓഫീസ് തുടങ്ങിയവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കുമെന്നും അല്ല, മറിച്ചാണെങ്കില്‍ പലതരത്തിലുള്ള വിപരീതഫലങ്ങളുമായിരിക്കും അനുഭവിക്കേണ്ടി വരുകയെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തെക്ക് ഭാഗത്തായി കുഴികളോ കുഴല്‍ കിണറോ ഉണ്ടങ്കിലും അത് സമ്പത്തിനെ പ്രതികൂലമായി ബാധിച്ചേക്കും. അതുപോലെ തെക്ക് ഭാഗത്ത് ഭൌമാന്തര്‍ ഭാഗത്ത് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതും ആശാസ്യമല്ലെന്നാണ് പറയപ്പെടുന്നത്.
വടക്കു ഭാഗമാണ് ധനത്തിന്റെ അധിപനായ കുബേരന്റെ ദിക്കെന്നാണ് വിശ്വാസം. ഏതെങ്കിലും വീടിന്റെയോ ഓഫീസിന്റെയോ വടക്ക് ഭാഗം അടച്ച് മൂടിയ നിലയിലാണുള്ളതെങ്കില്‍ അവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിത്യസംഭവമായി മാറുമെന്നും പറയപ്പെടുന്നു. ഇത്തരം അവസരത്തില്‍, വാസ്തു വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് അവിടെ വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാകുമെന്നും പറയുന്നു. വീട്ടിലോ ഓഫീസിലോ വടക്ക് ദര്‍ശനമായി വരുന്ന രീതിയില്‍ കണ്ണാടികള്‍ വയ്ക്കുന്നതും സമ്പത്തിനെ വികര്‍ഷിക്കുമെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.
എന്തെന്നാല്‍ വടക്ക് ഭാഗത്തു നിന്നുള്ള ആരോഗ്യകരമായ ഊര്‍ജ്ജത്തെ കണ്ണാടി വെളിയിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. അതിനാല്‍, വീടുകളിലായാലും ഓഫീസുകളിലായാലും കണ്ണാടികള്‍ സ്ഥാപിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ ആഭരണങ്ങളും പണവും സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായാണ് വെക്കേണ്ടത്‍. വാതിലിന് അഭിമുഖമായി നിന്ന് നോക്കുന്ന സ്ഥിതിയില്‍, മുറികളുടെ പിന്നില്‍ ഇടത്തെ മൂലയെ സമ്പത്തിന്റെ സ്ഥലമായാണ് കണക്കാക്കുന്നത്. ഇവിടം വൃത്തിയായി സൂക്ഷിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.