അതിഥി ദേവോ ഭവ: സ്വീകരണ മുറി ഒരുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
സ്വീകരണമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാസ്തു ശാസ്ത്രത്തെ കുറിച്ച് വേദകാലം തൊട്ട് തന്നെ പരാമര്‍ശങ്ങളുണ്ട്. വാസസ്ഥലം എന്നാണ് വാസ്തു എന്നതിന്‍റെ അര്‍ത്ഥം. അതുകൊണ്ടുതന്നെ വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തിലെ പലവിധ ഊര്‍ജ്ജ പ്രവാഹങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തു ശാസ്ത്രം നിലനില്‍ക്കുന്നത്. ഊര്‍ജ്ജപ്രവാഹങ്ങളെ സന്തുലനം ചെയ്ത് താമസ സ്ഥലത്ത് സമാധാനവും സന്തോഷവും നില നിര്‍ത്തുകയാണ് ഇതിന്‍റെ പരമമായ ലക്ഷ്യം.
പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ങള്‍ തയ്യാറാക്കുക. അതിഥികള്‍ ആദ്യം എത്തുന്ന സ്ഥലം എന്ന നിലയ്ക്ക് സ്വീകരണ മുറിക്ക് ഏറെ പ്രാധാന്യമുണ്ട്. ബാഹ്യ ലോകവുമായുള്ള ഊഷ്മള സൌഹൃദത്തിന്‍റെ വേദിയാകേണ്ട ഇടമാണിത്. അതിനാല്‍, വാസ്തു ശാസ്ത്രപരമായും ഈ മുറിക്ക് പ്രാധാന്യം കൂടുതലാണ്.
വടക്ക് വശമാണ് സ്വീകരണ മുറിക്ക് ഏറ്റവും അനുയോജ്യം. വാസ്തു വിദ്യ പ്രകാരം സ്വീകരണ മുറിയില്‍ ചതുര ആകൃതിയിലോ അല്ലെങ്കില്‍ ദീര്‍ഘ ചതുര ആകൃതിയിലോ ഉള്ള ഫര്‍ണിച്ചര്‍ ഇടുന്നതാണ് ഏറ്റവും ഉത്തമം. സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകള്‍ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായി ക്രമീകരിക്കണം. അതായത്, വടക്കും കിഴക്കും ഭാഗങ്ങളില്‍ കൂടുതല്‍ തുറന്ന സ്ഥലം വേണം.
ടിവി തെക്ക് കിഴക്ക് ഭാഗത്ത് വക്കുന്നതാണ് ഉത്തമം. തെക്ക് പടിഞ്ഞാറ് മൂലയില്‍ ഷോകേസിന് പറ്റിയ സ്ഥലമാണ്. സോഫ ഇടാന്‍ ഏറ്റവും യോജിച്ച സ്ഥലം വടക്ക് പടിഞ്ഞാറ് ഭാഗമാണ്. സ്വീകരണ മുറിയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ “എല്‍” ആകൃതിയില്‍ ഉള്ള സോഫ ഉപയോഗിക്കുന്നത് നല്ലതല്ല. അതിഥികള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കത്തക്ക വിധത്തില്‍ വേണം ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍.