Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കാമോ?

ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കാമോ?
, തിങ്കള്‍, 16 ഏപ്രില്‍ 2018 (14:06 IST)
ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.
 
വള്ളികളോടു ചേര്‍ന്നുവളരുന്ന മരങ്ങളായ ഇത്തി പോലുള്ളവയും ലതകളാല്‍ ചുറ്റപ്പെട്ട വൃക്ഷങ്ങളും അകത്തു ദ്വാരമുള്ള തരത്തിലുള്ള വൃക്ഷങ്ങളും പുഴുക്കള്‍ കാണപ്പെടുന്ന വൃക്ഷങ്ങളും മുള്ളുള്ള വൃക്ഷവും ഗൃഹ നിര്‍മ്മാണ ഉപയോഗത്തിന് ഗുണകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മനുഷ്യരും ദേവന്മാരും പ്രാര്‍ഥിക്കുന്ന വൃക്ഷമായ അരയാലും ദേവസ്ഥാപനം ചെയ്തിട്ടുള്ള വൃക്ഷങ്ങളും വഴിയിലും ഭൂതവാസമുള്ള സ്ഥലത്തും നില്‍ക്കുന്ന വൃക്ഷങ്ങളും ഒഴിവാക്കേണ്ടതാണ്.    
 
സര്‍പ്പവാസമുള്ളതും ഉണങ്ങിയതും കാറ്റില്‍ ഒടിഞ്ഞോ കടപുഴകിയോ വീണതും തീപിടിച്ചതുമായവയും ഗുണകരമല്ല. കൂടാതെ ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്. ദേവാലയത്തിലോ ദേവാലയത്തോട് ചേര്‍ന്നോ നില്‍ക്കുന്ന വൃക്ഷവും നദിയുടെ മധ്യത്തിലോ നദീസംഗമത്തിലോ നില്‍ക്കുന്ന വൃക്ഷങ്ങളും ഗൃഹനിര്‍മാണത്തിന് യോജിച്ചതല്ലെന്നാണ് വാസ്തു പറയുന്നത്.
 
പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാശ്, കര്‍പ്പൂരം, കൂവളം, മരുന്ന് ചെടികളായ കുടകപ്പാല, മലയകത്തി, കടമ്പ്, മുരിക്ക്, നെല്ലി, നീര്‍മരുത്, കടുക്ക, താന്നി, പാച്ചോറ്റി, കാഞ്ഞിരം, വയ്യങ്കത, നെന്‍മേനി വാക, നീര്‍മാതളം, തിപ്പലി, ഏഴിലംപാല, നാല്പാമരങ്ങളായ അരയാല്‍, പേരാല്‍, ഇത്തി, അത്തി എന്നിവയും വീട് നിര്‍മ്മാണത്തിന് ഉത്തമമല്ലെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 
 
പനച്ചി, വിളാര്‍മരം, മുള്ളിലവ്, ലന്തമരം, നാഗമരം, കറുത്ത കരിങ്ങാലി, ചുവന്ന കരിങ്ങാലി, വെള്ള കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, അശോകം, കള്ളിമരം, അകില്‍, പുളിമരം, പാതിരി, രക്തചന്ദനം, എരിക്ക് എന്നിങ്ങനെയുള്ളവയും ഗൃഹനിര്‍മാണത്തിനായി ഉപയോഗിക്കരുത്. അതേസമയം, ചന്ദനമരം ഇത്തരത്തിലുള്ള നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് വിധി പ്രകാരം മാത്രമേ പാടുള്ളൂവെന്നും വാസ്തു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം എന്താണ് ?