കാമുകന്റെ അച്ഛൻ കടന്നുപിടിച്ചു, തുറന്നു പറഞ്ഞപ്പോൾ പ്രണയം നഷ്ടമായി; കുറിപ്പ്
വേർപിരിഞ്ഞാലും പ്രണയത്തിന്റെ ഓർമ്മകൾ വേട്ടയാടുന്നവരുണ്ട്.
വേർപിരിഞ്ഞാലും പ്രണയത്തിന്റെ ഓർമ്മകൾ വേട്ടയാടുന്നവരുണ്ട്. എത്ര മറക്കാൻ ശ്രമിച്ചാലും ആ ഓർമ്മകൾ നീറ്റലായി മനസ്സിൽ തന്നെയിരിക്കും. അത്തരത്തിൽ തന്റെ കൗൺസിലിങ് കരിയറിലെ ഒരു അനുഭവം ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയാണ് മനശാസ്ത്രജ്ഞയായ കലാമോഹൻ.
അച്ഛന്റെ പെങ്ങളുടെ മകനെ പ്രണയിച്ച പെൺകുട്ടി. ഇരുവരും എല്ലാത്തരത്തിലും ഒന്നായവരായിരുന്നു. എന്നാൽ കാമുകന്റെ അച്ഛൻ തന്നെ കടന്നുപിടിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. പിന്നീടുണ്ടായ ജീവിതവും പെൺകുട്ടി തുറന്നുപറയുന്നതാണ് കുറിപ്പിൽ.
കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-
എട്ടാം തരത്തിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധം. വീട്ടില്‍ അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം ഞാൻ ഏറെ ഉപയോഗിച്ചു. ഒൻപതാം ക്ലാസ്സിലെ അവധി കാലത്ത് എന്റെ കന്യകാത്വം നഷ്‌ടമായി. അച്ഛന്റെ പെങ്ങളുടെ മകനായിരുന്നു എന്റെ കാമുകൻ.
അവരസങ്ങൾ ഏറെ ഇടപെടാൻ.. ഞങ്ങൾ അതു ഉപയോഗിക്കുകയും ചെയ്തു. പ്രണയം കടലോളം, വാനോളം വ്യാപിച്ചു മനസ്സിന്റെ അറകളിൽ നിറഞ്ഞു തുളുമ്പിയ നാളുകൾ..
അച്ഛനും കൊച്ചച്ചന്മാർക്കും ഒരേയൊരു പെങ്ങളായിരുന്നു ചേട്ടന്റെ അമ്മ. അവർ നടത്തികൊണ്ടിരുന്ന ബിസിനസിൽ ഇടിവുണ്ടായപ്പോൾ അമ്മാവൻ മാനസികമായ സംഘര്‍ഷത്തിലായി. മൂത്ത ആങ്ങളയായ അച്ഛൻ ആ കുടുംബത്തെ വീട്ടിലേക്ക് കൊണ്ടു വന്നു.
ചേട്ടനും എനിക്കും അതു കൂടുതൽ സൗകര്യം ഒരുക്കി. ഞങ്ങൾ ഒന്നിച്ചുള്ള ജീവിതം. എന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ ആഗ്രഹം അതായിരുന്നു. ഞാൻ നന്നായി പഠിക്കുമായിരുന്നു. കണക്കു മാത്രം കുറച്ചു പാട്. അമ്മാവൻ ആയിരുന്നു എനിക്ക് ട്യൂഷൻ തന്നിരുന്നത്. വീട്ടിൽ താമസ സമയത്ത് അങ്ങേരുടെ നോട്ടം, ഭാവം ഒക്കെ എനിക്ക് വല്ലാതെ തോന്നി. ആരോടും പറയാനും വയ്യ. അച്ഛൻ ബഹുമാനം കൊണ്ട് ഇരിക്കില്ല അമ്മാവന്റെ മുന്നിൽ. കുടുംബത്തിൽ എല്ലാവർക്കും അങ്ങേര് അത്രയും മാന്യനാണ്..
പക്ഷേ, എന്റെ അനുഭവം മറ്റൊന്നായിരുന്നു. നോട്ടം, പിന്നെ തട്ടലും മുട്ടലും ആയി. ഒരുദിവസം എന്നെ കടന്നു പിടിച്ചു. മാറിടത്തിൽ പിടിച്ച അയാളെ തട്ടിമാറ്റി ഞാൻ ഓടി. മരിച്ചു പോയെങ്കിൽ എന്ന് കൊതിച്ച നിമിഷങ്ങൾ. മഹാവ്യാധി പിടിച്ചതു പോലെ ഞാൻ തളർന്നു പോയി. നാളെ എന്റെ ഭാർത്താവിന്റെ അച്ഛൻ ആകേണ്ട ആളു കൂടിയാണ്. ചേട്ടനെ വിട്ടു മറ്റൊരു ജീവിതം ചിന്തിക്കാൻ പോലും കഴിയാത്ത ഞാൻ.
സ്വപ്‌നങ്ങൾ കരിഞ്ഞു തുടങ്ങുന്നു എന്ന് ഞാൻ അറിയുക ആണ്. അസഹ്യമായ വേദന ആരോടാണ് പങ്കുവയ്ക്കുക? പാവം എന്റെ അമ്മയോടോ? സ്വന്തം അച്ഛനു വേണ്ടി ജീവനകളയുന്ന എന്റെ കാമുകനോടോ? പെങ്ങളുടെ ഭർത്താവിനു കുടുംബത്തിലെ കാരണവരുടെ സ്ഥാനം നൽകുന്ന എന്റെ അച്ഛനോടോ?
എന്റെ ഉള്ളിലെ ആത്മീയ സംഘർങ്ങളും പിരിമുറുക്കങ്ങളും കൂടി. എന്നിരുന്നാലും പത്താം ക്ലാസ്സിൽ എനിക്കു നല്ല മാർക്കുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നം മാറി, അമ്മാവനും കുടുംബവും സ്വന്തം വീട്ടിൽ പോയി.അതു വരെ സത്യത്തിൽ എനിക്ക് ജീവനുണ്ടായിരുന്നില്ല. ചേട്ടൻ എന്നിലെ മാറ്റങ്ങൾ കണ്ടെത്തി. കാരണം ചോദിച്ചു, പറയാൻ എനിക്ക് ശക്തി ഉണ്ടായില്ല.
കോളജിൽ എത്തിയ ശേഷം ഉറ്റ കൂട്ടുകാരിയോട് ഞാൻ ഇത് പങ്കുവച്ചു. അവൾ തന്ന പിന്തുണയിൽ ഞാൻ ചേട്ടനോട് കാര്യങ്ങൾ പറഞ്ഞു. ഒന്നും മിണ്ടിയില്ല. കേട്ടിരുന്നു. തലകുനിച്ചു ഇരിക്കുന്ന ആ ശരീരത്തിൽ ദുർബലമായ ഒരു ശ്വാസം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് എനിക്കു തോന്നി. നമുക്കിനി പിരിയാം. ഒരു അപേക്ഷ, ഇതാരോടും പറയരുത്. നമ്മളിൽ ഇത് ഒതുങ്ങണം. അത്രയും മാത്രം പറഞ്ഞു.
എന്നിൽ ഒരു മാന്ദ്യമോ മരവിപ്പോ ഗ്രസിച്ചതു പോലെ. ഞാൻ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അപമാനിക്കപ്പെട്ടിരിക്കുന്നു. അഭിമാനത്തിന്റ അടിത്തട്ടിനെപ്പോലും വെട്ടി മുറിവേൽപ്പിക്കുന്ന ഒന്നാണ് ഞാൻ നേരിട്ട അനുഭവം. നിർവീര്യമായി പോകുന്നല്ലോ. ദേഹത്തിൽ പാതി തണുത്ത പോലെ. തോൽക്കാൻ മനസ്സില്ല. ഞാൻ പിന്നെ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു. ഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു..
ഇപ്പൊ, ചേട്ടന്റെ വിവാഹം ഉറപ്പിച്ചു. ഞങ്ങളെ തമ്മിൽ കെട്ടിച്ചൂടെ എന്ന് കുടുംബത്തിൽ പലരും ചോദിച്ചപ്പോൾ, ആങ്ങള ആയിട്ടേ കണ്ടിട്ടുള്ളു എന്ന് ഞാനും, പെങ്ങളാണ് എന്ന് ചേട്ടനും പറഞ്ഞു ഒഴിഞ്ഞു. അവൾ പറഞ്ഞു തീരും വരെ കൗൺസിലർ ആയ ഞാൻ ഒന്നും മിണ്ടിയില്ല. ‘ഒന്നു ചോദിച്ചോട്ടെ ചേച്ചി? ആദ്യമായി ശരീരം പങ്കുവച്ച പുരുഷനെ പെണ്ണിന് മറക്കാൻ പറ്റില്ല എന്നു കേട്ടിട്ടുണ്ട്. തിരിച്ച് ആണിനും അതു ബാധകമല്ലേ?’
ആദ്യമായി ശരീരം പങ്കുവച്ചവൻ അതു അർഹിക്കുന്നവൻ അല്ല എങ്കിൽ പിന്നെ ഓർക്കുന്നത് എന്തിനാ? ഞാൻ ചിരിച്ചു. ഒന്ന് മുക്കി മുള്ളി മൂത്രമൊഴിച്ചു, ഡെറ്റോൾ സോപ്പിട്ടു കഴുകി കളഞ്ഞാൽ തീരുന്ന കറ. മാധവിക്കുട്ടിയെ നീ വായിച്ചിട്ടില്ലേ? ഇത്തരം അവസരങ്ങളിൽ അതു ഓർത്തോളൂ.
നിമിഷങ്ങളോളം നീണ്ട നിശബ്ദതയ്ക്കു ഒടുവിൽ, അവൾ മൊബൈലിൽ കാമുകൻ ആയിരുന്നവന്റെ പടം കാണിച്ചു.. ഒന്നല്ല, ഒരുപാട്.. ഇതൊക്കെ എന്തിനാ ഇങ്ങനെ സൂക്ഷിക്കുന്നത്? ആ ഹൃദയവ്യഥയുടെ ആഴം എനിക്കു ഊഹിക്കാൻ പറ്റിയില്ല എങ്കിൽ മറ്റാർക്കാണ് പറ്റുക.. എങ്കിലും ചോദിച്ചു.
ആ പുരുഷൻ...തൽക്കാലത്തേക്ക് എങ്കിലും അവനെ മറക്കാനോ വെറുക്കാനോ അവൾക്കു ആകില്ല..തങ്ങളുടേതല്ലാത്ത കാര്യങ്ങൾ കൊണ്ട് മുറിവേറ്റവർ... പിരിയേണ്ടി വന്നവർ. പ്രണയം എന്ന പരമയായ സത്യം, അതു മറ്റെന്തോ ആണെന്ന് ചില നേരങ്ങളിൽ തോന്നിയാലും, സ്നേഹിക്കാതിരിക്കാൻ വയ്യല്ലോ..
പൊന്നു പോലെ കാത്തതാണ്. കണ്ണ് പോലെ നോക്കിയതാണ്. അതിരുകൾ ഇല്ലാത്ത വാത്സല്യമാണ്, പ്രണയത്തിന്റെ, രതിയുടെ അങ്ങേയറ്റത്ത്, ഒരു സ്ത്രീക്ക് പുരുഷന് കൊടുക്കാൻ കഴിയുന്ന വലിയ സമ്മാനം. തിരിച്ചും, ന്റെ പെണ്ണാണ് നീ എന്ന അഹന്തയോടെ കൊടുക്കുന്ന കൊച്ചു ചുംബനങ്ങളും, സ്വകാര്യ ഇഷ്‌ടങ്ങളും..
വേണമെങ്കിൽ നിനക്ക്, ഓർമ്മയുള്ള കാലം വരെ മറക്കാതിരിക്കാം. ഇനിയൊരു ജന്മം ഉണ്ടേൽ, കാത്തിരിക്കാം! ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. വേണ്ട, ഒന്ന് എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസം ഉണ്ട്.. എനിക്ക് ഇത്രയേ വേണ്ടൂ..
എന്തോ, കൗൺസിലർ ആയ എന്റെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം അലയടിച്ചു.. അവൾ ജയിച്ചു, ഞാനും.. അല്ല..അവളെന്നെ ജയിപ്പിച്ചു...