കല്യാണമെല്ലാം വേണ്ടെ, ഇങ്ങനെ നടന്നാൽ മതിയോ 23-24 പ്രായം മുതലേ പെൺകുട്ടികൾ സ്ഥിരമായി കേൾക്കുന്ന ചോദ്യമാകും ഇത്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വലിയ സമ്മർദ്ദമാണ് വിവാഹകാര്യത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്നത്. സമ്മർദ്ദങ്ങൾക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഒറ്റയ്ക്കുള്ള ജീവിതത്തോടാണ് താത്പര്യമെന്നാണ് പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിൾ നടത്തിയ സർവേയിൽ 81 ശതമാനം പെൺകുട്ടികളും പറയുന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	വിവാഹപ്രായമെന്ന് സമൂഹം പറയുന്ന കാലത്തിൽ ദീർഘകാല ദാമ്പത്യത്തിലേക്ക് പ്രവേശിക്കാൻ നാലുവശത്ത് നിന്നും വലിയ സമ്മർദ്ദമുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 33 ശതമാനം പേരും പ്രതികരിച്ചു. ഡേറ്റിംഗ് നടത്തുന്ന ഇന്ത്യക്കാരിൽ അഞ്ചിൽ 2 പേരും പരമ്പരാഗത രീതിയിൽ ജീവിതപങ്കാളിയെ കണ്ടെത്താൻ വീട്ടുകാരിൽ നിന്നും സമ്മർദ്ദം നേരിടുന്നവരാണ്. വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതൽ സുഖകരമായി തോന്നുന്നുവെന്നാണ് സർവേയിൽ പങ്കെടുത്ത 81 ശതമാനം പെൺകുട്ടികളും പറയുന്നത്.
 
									
										
								
																	
	 
	സമൂഹത്തേക്കാൾ കൂടുതൽ വ്യക്തിഗത താത്പര്യങ്ങൾക്കാണ് പുതിയ തലമുറ പ്രാധാന്യം നൽകുന്നതെന്നാണ് സർവേയിൽ നിന്ന് വ്യക്തമാകുന്നത്. ഡേറ്റിംഗിൽ ഏർപ്പെടുന്ന വ്യക്തിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും മാറ്റിവെയ്ക്കാനാവില്ലെന്നും സർവേയിൽ പങ്കെടുത്ത 63 ശതമാനം പേരും പറയുന്നു.