Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീ സുരക്ഷയ്ക്ക് നിർഭയ, പ്രവർത്തനം എങ്ങനെ?

സ്ത്രീ സുരക്ഷയ്ക്ക് നിർഭയ, പ്രവർത്തനം എങ്ങനെ?

എസ് ഹർഷ

, ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (17:03 IST)
സ്ത്രീകൾക്കെതിരെ നോട്ടം കൊണ്ടോ, വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ അതിക്രമങ്ങളില്ലാത്ത ഒരു ലോകം കെട്ടിപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും നമ്മുടെ ഈ കൊച്ചു കേരളത്തിൽ. പരിഷ്‌കൃത സമൂഹത്തിൽ മാറുന്ന കാലാവസ്ഥയിൽ സുരക്ഷിതരായി സ്ത്രീകളെ വഴിനടത്തുക എന്നത് ഓരോ പൌരന്റേയും കടമയാണ്.   
 
സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'. 2015 വർഷം മുതൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ വർഷത്തിൽ രണ്ട് ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്.
 
ഈ പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളിലും എത്തിക്കുന്നതിനായി എല്ലാ ജില്ലയിലും അതത് ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ പ്രതിരോധ സെന്ററുകൾ പ്രവർത്തിച്ച് വരുന്നു. ഇവിടങ്ങളിൽ പ്രതിരോധ പരിശീലന പരിപാടികളും ക്യാമ്പുകളും കേരള പൊലീസ് സംഘടിപ്പിക്കുന്നുണ്ട്.
 
തന്നെക്കാൾ വളരെ ബലമുള്ള ഒരാളിൽ നിന്നു കായികമായി എങ്ങനെ രക്ഷപെടാം, കുറഞ്ഞ സമയങ്ങളിൽ എങ്ങനെ ചെറുത്ത് നിൽക്കാം എന്നതിനു ഫലപ്രദമായതുമായ അൻപതോളം ടെക്നിക്കുകൾ ഈ പദ്ധതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് വയസുമുതലുള്ളവർക്കാണ് ഈ പരിശീലനം നൽകുന്നത്. വൃദ്ധർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പരിശീലനം. 
 
webdunia
ഈ പരിശീലനങ്ങളിലൂടെ സ്ത്രീകളേയും കുട്ടികളേയും ആത്മവിശ്വാസമുള്ളവരാക്കി വളർത്തിയെടുക്കുക എന്നതാണ് നിർഭയയുടെ പ്രധാന ലക്ഷ്യം. ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012, സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ലൈംഗികപീഡനങ്ങളിൽ നിന്നുള്ള സംരക്ഷണ കരടു നിയമം 2012 എന്നിവയുടെ പിൻബലത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 2013 മുതൽ എല്ലാ വർഷവും മാർച്ച് 1 നിർഭയ ദിനമായി ആചരിക്കുന്നു. 
 
പീഡനത്തിനിരയാകുന്ന സ്ത്രീകളെയും കുട്ടികളെയും താമസിപ്പിക്കുന്നതിന് ജില്ലകളില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും നല്‍കാനും ഈ പദ്ധതി മൂലം സാധിക്കുന്നുണ്ട്.
 
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാ വേളയിലുണ്ടാകുന്ന അതിക്രമങ്ങള്‍ നിരീക്ഷിക്കാന്‍, ബസ്റ്റാന്റുകളിലും റെയില്‍ വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായി നിര്‍ഭയ കെയര്‍ ഹോമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ഇടുക്കി, തൃശൂർ, മലപ്പുറം, കാസർഗോഡ് പാലക്കാട്, വയനാട് എന്നീ 9 ജില്ലകളിലായി 11 നിർഭയ ഷെൽട്ടർ ഹോമുകൾ പ്രവർത്തിച്ച് വരികയാണ്.
  
അതിക്രമങ്ങൾക്ക് വിധേയരാകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും ചികിത്സ നൽകുന്നതിനും അവരെ സംരക്ഷിക്കുന്നതിനും ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ 14 ജില്ലകളിലായി 21 സർക്കാർ ആശുപത്രികളിൽ ‘വൺ സ്റ്റോപ്പ് ക്രൈസിസ് സെല്ലുകൾ’ പ്രവർത്തിച്ച് വരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ധനസഹായവും ഉൾപ്പെടുത്തിയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.  
 
2014ലെ സംസ്ഥാന ബജറ്റില്‍ നിർഭയ പദ്ധതിക്കായി ഏഴുകോടി രൂപ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇതിൽ 10 ശതമാനം പോലും സ്ത്രീകൾക്കായി സർക്കാർ ഉപയോഗിച്ചില്ലെന്ന് അടുത്ത വർഷം തന്നെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതി നടപ്പിലാക്കി തുടങ്ങിയത് 2015ലായിരുന്നു. പിന്നീട്, 2016-17ൽ അടിയന്തര ഘട്ടങ്ങളിലെ സഹായത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 733.27 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുകയിൽ 337 ലക്ഷം രൂപയാണ് സർക്കാർ ഇതുവരെ ചെലവഴിച്ചത്. അനുവദിച്ച് നൽകിയ ഫണ്ട് കേരളം വിനിയോഗിച്ചില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോൿസഭയിൽ അറിയിച്ചത് അടുത്തിടെയാണ്.
 
സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ആവശ്യമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിച്ച് വരുന്ന നിര്‍ഭയ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനിന്റെ നമ്പർ :  1800 4251 400 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ജലി അമീര്‍: മലയാളത്തിന്‍റെ അഭിമാന നക്ഷത്രം