എന്നെ ജീവിക്കാൻ പഠിപ്പിച്ചത് അശോകൻ ചേട്ടനാണ്: ദിലീപ്
‘എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകാൻ കാരണം ഹരിശ്രീ അശോകൻ’- വൈറലായി ദിലീപിന്റെ പ്രസംഗം
നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ദിലീപ് അടക്കമുളള വമ്പൻ താരനിരയാണ് പൂജയിൽ പങ്കെടുത്തത്. ജീവിതത്തിൽ കടപ്പാടുള്ള ഒരുപാട് ആളുകളുണ്ടാകും അതിൽ തനിക്ക് എടുത്തുപറയാനുള്ള ഒരാളാണ് അശോകൻ ചേട്ടനെന്ന് ദിലീപ് ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിൽ പറയുകയുണ്ടായി.
‘കോളജിൽ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനിൽ മിമിക്രി ആർടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാൻ കേട്ടിട്ടുണ്ട് ഹരിശ്രീ അശോകൻ എന്ന കലാകാരനെക്കുറിച്ച്. അടുത്ത് അറിയില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവിൽ അത്ഭുതപ്പെട്ടുപോയി.’–ദിലീപ് പറഞ്ഞു.
‘അങ്ങനെ ഒരുദിവസം അശോകൻ ചേട്ടൻ എന്റെ വീട്ടിൽ വന്നു. എന്നെക്കുറിച്ച് ജോർജും സന്തോഷും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ എന്നും അശോകൻ ചേട്ടൻ ചോദിച്ചു. സത്യത്തിൽ എന്റെ കലാജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രീയിൽ പിന്നീട് നാലരവർഷം. ജീവിതത്തിൽ അച്ചടക്കം വന്നു. ടൈമിങ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തിൽ അപതാളത്തിൽ പൊയ്ക്കൊണ്ടിരുന്ന എന്നെ താളത്തിൽ ജീവിക്കാൻ പഠിപ്പിച്ചത് അശോകൻ ചേട്ടനാണ്. അശോകൻ ചേട്ടന് എന്റെ ജീവിതത്തിൽ ഒരുപാട് സ്ഥാനങ്ങളുണ്ട്.’
സംവിധാനം പഠിക്കാൻ പോയത് ഞാനാണ്. എന്റെ സുഹൃത്തുക്കളും സഹോദരസ്ഥാനത്തുള്ളവരൊക്കെയാണ് സംവിധായകരാകുന്നത്. വലിയ സന്തോഷം. അശോകൻ ചേട്ടനൊപ്പം നിരവധി സിനിമകൾ ചെയ്യാൻ സാധിച്ചു. കൂടെ അഭിനയിക്കുമ്പോൾ എന്നെ ഒരുപാട് ചിരിപ്പിച്ച ആളാണ് അശോകൻ ചേട്ടൻ. അദ്ദേഹം സംവിധായകനാകുന്നതിലും വളരെ സന്തോഷം. ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാവ് ആണ് അദ്ദേഹം, അത് തെളിയിച്ചിട്ടുമുണ്ട്. സംവിധാനത്തിലും അദ്ദേഹം ആ കഴിവ് തെളിയിക്കട്ടെ.’–ദിലീപ് പറഞ്ഞു.