Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസക്കൂലികൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്, എല്ലാം വാങ്ങിക്കൂട്ടുമ്പോൾ അവരെകൂടി ആലോചിക്കണം

ദിവസക്കൂലികൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്, എല്ലാം വാങ്ങിക്കൂട്ടുമ്പോൾ അവരെകൂടി ആലോചിക്കണം
, തിങ്കള്‍, 23 മാര്‍ച്ച് 2020 (14:12 IST)
കോവിഡ് 19 നിയന്ത്രണങ്ങളിൽ ഭയന്ന് ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ സമൂഹത്തിൽ ഉണ്ടാകവുന്ന പ്രശ്നങ്ങൾ വ്യക്തമാക്കി മമ്മൂട്ടി. സാധനങ്ങൾ വാങ്ങികൂട്ടരുത് എന്നും ദിവസക്കൂലി കൊണ്ട് ജീവിക്കുന്ന സാധാരണക്കാർക്ക് അവശ്യ സാധനങ്ങൾ ലഭിയ്ക്കാത്ത അവസ്ഥ ഇതുകാരണം ഉണ്ടാകും എന്നും മമ്മൂട്ടി പറയുന്നു. മലയാള മനോരമയിൽ എഴുതിയ ലേഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യാക്താമക്കുന്നത്. ഫെയിസ്ബുക്ക് കുറിപ്പായി ലേഖനം മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
 
മമ്മൂട്ടിയുടെ ലേഖനം
 
രണ്ടാഴ്ച മുൻപു ഷൂട്ടിങ് നിർത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിർബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര പക്ഷികൾതന്നെയാണ്. നമ്മുടെ നിയമങ്ങൾ നാം തന്നെയാണ് ഈ സമയത്തു തീരുമാനിക്കുന്നത്. ഇത് അകത്തിരിക്കേണ്ട കാലമാണ്. പ്രത്യേകിച്ചും, പൊതുസ്ഥലത്തു നാം എത്താതെ നോക്കേണ്ട കാലം. പുറത്തു പലയിടത്തായി കാത്തുനിൽക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്കു പടരാൻ അനുവദിക്കാതെ, പുറത്തുനിർത്തി കൊല്ലുന്നു എന്നു കരുതിയാൽ മതി.
 
ഇതു ചെയ്യുന്നതു നമുക്കു വേണ്ടി മാത്രമല്ലല്ലോ. നമുക്കു ചുറ്റുമൊരു സമൂഹമുണ്ട്. അതിന്റെ രക്ഷ നമ്മുടെ കൂടി രക്ഷയാണ്. അതിനുവേണ്ടി പുറത്തിറങ്ങരുതെന്നു വിദഗ്ധർ പറയുമ്പോൾ നാം അനുസരിക്കണം. അവർ ഇതെക്കുറിച്ചു പഠിച്ചവരാണ്. അവരുടെ നിർദേശപ്രകാരം നമ്മളോട് ഇതു പറയുന്നതു നമ്മുടെ സർക്കാരുകളാണ്. പല കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. എന്നാൽ, അതു പറയുന്നതിനു കാലവും സമയവുമുണ്ട്.
 
രോഗമുണ്ടെന്നു സംശയിക്കുന്നവരോടും രോഗികളോടും നിർബന്ധപൂർവം അകത്തിരിക്കാൻ പറയുമ്പോൾ അവർ പുറത്തിറങ്ങുന്നതു സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേരിലേക്ക് അസുഖമെത്താനുള്ള വാതിലാണു തുറക്കുന്നത്. ഇതു ചെയ്യുന്നവർക്കൊന്നും പറ്റില്ലായിരിക്കും. പക്ഷേ, അവരുടെ സാന്നിധ്യത്തിലൂടെ പലർക്കും ജീവൻതന്നെ നഷ്ടമായേക്കാം. അകത്തിരിക്കേണ്ടവർ പുറത്തുപോകുമ്പോൾ വഴി തുറക്കുന്നതു മഹാമാരിയിലേക്കു തന്നെയാണ്.
 
വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.
 
ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും.
 
ഫോൺ, ടിവി ചാനലുകൾ, ഇന്റർനെറ്റ് തുടങ്ങിയ പല മാർഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ വിട്ടുപോയ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതൽ അറിയാനുള്ള സമയം.
 
ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നിൽക്കേണ്ടി വരുന്നവരെ ഓർക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവർത്തകരെ. അവരെ ലോകം മുഴുവൻ അഭിനന്ദിക്കുന്ന കാഴ്ചകൾ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവർക്കുള്ള പ്രാർഥനകൂടിയാണ്.
 
മുൻപൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാൻ ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓർക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനിൽക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സർക്കാരുകൾ പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കിൽ മാത്രമേ, ഈ മഹാമാരിയിൽനിന്നു രക്ഷപ്പെടാനാകൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീ ടൂ കേസിൽ ജയിലിൽ കഴിയുന്ന ഹാർവി വെയ്‌ൻസ്റ്റെയിന് കൊറോണ സ്ഥിരീകരിച്ചു