നേഴ്‌സുമാരെ മാലാഖമാരെന്നും ദൈവത്തിന്റെ പ്രതീകമെന്നുമൊക്കെ നാം പറയുമെങ്കിലും അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ ഒരോര്‍ത്തര്‍ക്കുമുണ്ടെന്ന് നടന്‍ മമ്മൂട്ടി. ഒരു ചാനല്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊറോണ രോഗം പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ബന്ധുക്കളും സ്‌നേഹിതരുമെല്ലാം നമുക്കൊപ്പം ഉണ്ട്. എന്നാല്‍ നേഴ്‌സുമാരുടെ അവസ്ഥ അങ്ങനെയല്ല. അവര്‍ ബന്ധുക്കളെയോ പുറംലോകമോ കാണാതെ സേവനം അനുഷ്ഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'വേവലാതികള്‍ മാത്രമാണ് നേഴ്‌സുമാര്‍ക്കുള്ളത്. മറ്റുള്ളവരെ ചികിത്സിക്കുന്ന അവര്‍ക്ക് രോഗം വന്നാല്‍ അതും വലിയ കഷ്ടമാണ്. വെറും വാക്കുകൊണ്ട് നന്ദിപറഞ്ഞതുകൊണ്ട് കാര്യമില്ല. അവരുടെ കരുതലിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. അതിനാല്‍ അവരേയും നാം കരുതേണ്ടതുണ്ട്'-മമ്മൂട്ടി പറഞ്ഞു.
താനിപ്പോള്‍ വീട്ടിലാണെന്നും മകനും മകളും കൊച്ചുമക്കളും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരുമകന്‍ ആരോഗ്യ പ്രവര്‍ത്തകനാണെന്നും അദ്ദേഹമിപ്പോള്‍ ബാംഗ്ലൂരിലാണെന്നും മമ്മൂട്ടി പറഞ്ഞു.