വിദേശത്തുനിന്നെത്തിയ യുവാവിന് 27 ദിവസത്തിനു ശേഷം കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് എടച്ചേരി സ്വദേശിയായ 35കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ലോകാരോഗ്യ സംഘടനയുടെ 14 ദിവസത്തെ നിരീക്ഷണമെന്ന നിര്‍ദേശം പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ 28 ദിവസത്തെ നിരീക്ഷണമെന്ന നിര്‍ദേശം ശരിവയ്ക്കുകയുമാണിത്.
ഇന്ത്യയില്‍ കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങള്‍ 14 ദിവസത്തെ നിരീക്ഷണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമാണ് പിന്തുടരുന്നത്. ഇപ്പോള്‍ രോഗം സ്ഥരീകരിച്ച ഇയാള്‍ ദുബായിയില്‍ നിന്നെത്തി മാര്‍ച്ച് 18 മുതല്‍ നിരീക്ഷണത്തിലായിരുന്നു. നേരത്തേ 40കാരനായ കണ്ണൂര്‍ സ്വദേശിക്ക് 26 ദിവസത്തിനു ശേഷവും പാലക്കാട്ടുകാരനായ വ്യക്തിക്ക് 23 ദിവസത്തിനു ശേഷവും കൊറോണ സ്ഥിരീകരിച്ചിരുന്നു.
സാധാരണയായി കൊവിഡ് ബാധിക്കുന്നവരില്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുമെന്നുമാത്രമേ നിലവിലെ സാഹചര്യത്തില്‍ പറയാന്‍ സാധിക്കുകയുള്ളൂ. കുറഞ്ഞ കേസുകളില്‍ ഇന്‍ക്യൂബേഷന്‍ പിരീഡ് 28 ദിവസം വരെയാകാം. ഒരു ശതമാനം കേസുകളില്‍ 31 ദിവസം വരെയും ആകാമെന്നാണ് പുതിയ വിവരം.