Select Your Language

Notifications

webdunia
webdunia
webdunia
webdunia

നത്തെലിയിലും കൊടക്കമ്പിയിലുമൊതുക്കാനാവില്ല; ഇന്ദ്രന്‍സ് തുടങ്ങിയിട്ടേയുള്ളൂ....

നത്തെലിയിലും കൊടക്കമ്പിയിലുമൊതുക്കാനാവില്ല; ഇന്ദ്രന്‍സ് തുടങ്ങിയിട്ടേയുള്ളൂ....
, വ്യാഴം, 8 മാര്‍ച്ച് 2018 (17:00 IST)
ജനിച്ചത് കൊച്ചുവേലു സുരേന്ദ്രന്‍ എന്ന പേരുമായാണ്. എന്നാല്‍ ആ പേരുപറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ ‘ഇന്ദ്രന്‍സ്’ എന്ന പേരുപറഞ്ഞാലോ? ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്‍റെ പേരാണത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇന്ദ്രന്‍സ് ആദ്യം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു - ‘അപ്രതീക്ഷിതം’.
 
ശരിയാണ്. ആരും ഇത് പ്രതീക്ഷിച്ചില്ല. എന്നാല്‍ വാര്‍ത്ത കേട്ടപ്പോള്‍ ഏവരും അത് മനസുകൊണ്ടംഗീകരിച്ചു. ശരിയായ കാര്യം തന്നെ. എത്രയോ കാലം മുമ്പേ ഇന്ദ്രനെ തേടി വരേണ്ട പുരസ്കാരമാണിത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തത് ഒരു നീതികേടാണെന്ന തോന്നല്‍ ഇന്ദ്രന്‍സിന്‍റെ മനസിലും ഉണ്ടാവണം. കഴിഞ്ഞ തവണത്തെ അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ ഇന്ദ്രന്‍സ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു - “എനിക്ക് അത് കിട്ടാനുള്ള യോഗമില്ലെന്ന് തോന്നുന്നു”.
 
അദ്ദേഹം മലയാളത്തില്‍ 500 ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിനെ തേടിയെത്തുമ്പോള്‍ അത് നീണ്ടകാലത്തെ അഭിനയ സപര്യയ്ക്കുള്ള ഒരു അംഗീകാരം കൂടിയായി മാറുന്നു. വസ്ത്രാലങ്കാരം ചെയ്യാന്‍ സിനിമയില്‍ വന്ന ഇന്ദ്രന്‍സ് പിന്നീട് മലയാള സിനിമയില്‍ ഏറെ തിരക്കുള്ള താരമായി മാറുന്നതാണ് കണ്ടത്.
 
1981ല്‍ ചൂതാട്ടം എന്ന സിനിമയിലാണ് ഇന്ദ്രന്‍സ് വസ്ത്രാലങ്കാരത്തിനും അഭിനയത്തിനും ഹരിശ്രീ കുറിച്ചത്. പത്മരാജന്‍റെ സിനിമകളില്‍ വസ്ത്രാലങ്കാരത്തിനൊപ്പം ചെറിയ വേഷങ്ങളും ചെയ്തു. മേലേപ്പറമ്പില്‍ ആണ്‍‌വീട് എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ കഥാപാത്രമാണ് ഇന്ദ്രന്‍സിനെ പ്രശസ്തനാക്കിയത്. അയലത്തെ അദ്ദേഹം, സി ഐ ഡി ഉണ്ണികൃഷ്ണന്‍, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍‌നിര ഹാസ്യതാരമായി ഇന്ദ്രന്‍സ് മാറി. 
 
വധു ഡോക്ടറാണിലെ നത്തെലി ഏറെ പേരുനേടിക്കൊടുത്തപ്പോള്‍ ആദ്യത്തെ കണ്‍‌മണി, അനിയന്‍ബാവ ചേട്ടന്‍ബാവ, കൊക്കരക്കോ, സ്ഫടികം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മാറ്റിനിര്‍ത്തപ്പെടാനാവാത്ത സാന്നിധ്യമായി ഇന്ദ്രന്‍സ്. പിന്നീട് ചെറുതും വലുതുമായ അഞ്ഞൂറോളം സിനിമകള്‍.
 
വെറും ഹാസ്യനടന്‍ എന്ന ലേബലില്‍ ഒതുങ്ങാത്ത നടനാണ് ഇന്ദ്രന്‍സെന്ന് മലയാള സിനിമാലോകം കണ്ടെത്തിയത് ഏറെ വൈകിയാണ്. അടുത്തിടെ മാത്രം. അതിന് ശേഷം ഇന്ദ്രന്‍സിന് ലഭിക്കുന്നത് മറ്റ് താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വൈവിധ്യമുള്ള കഥാപാത്രങ്ങള്‍. ആട്, പാതി, അപ്പോത്തിക്കരി, ലീല, ലുക്കാചുപ്പി, കിണര്‍, ആളൊരുക്കം, പാതിരാകാലം തുടങ്ങിയ സിനിമകളില്‍ ഗംഭീരമായ കഥാപാത്രങ്ങളെയാണ് ഇന്ദ്രന്‍സിന് ലഭിച്ചത്. അപ്പോത്തിക്കരിയിലെ കഥാപാത്രം ഇന്ദ്രന്‍സിന് നേടിക്കൊടുത്ത അഭിനന്ദനങ്ങള്‍ കുറച്ചൊന്നുമല്ല.
 
ഇപ്പോള്‍ അവാര്‍ഡ് നേടിയ ആളൊരുക്കത്തില്‍ ഓട്ടന്‍‌തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് അഭിനയിച്ചത്. അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്തുതോന്നുന്നു എന്ന് ചോദിച്ചാല്‍, നിറഞ്ഞ ചിരിയോടെ, നിഷ്കളങ്കമായി ഇന്ദ്രന്‍സ് പറയും - “ഞാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ...”. അതേ, ഇന്ദ്രന്‍സ് തുടങ്ങിയിട്ടേയുള്ളൂ. മലയാള സിനിമയില്‍ അഭിനയത്തിന്‍റെ പുതിയപാത വെട്ടിത്തെളിച്ച് നീങ്ങാന്‍ കൊതിക്കുന്ന കര്‍മ്മധീരനായ ഒരു പച്ചമനുഷ്യന്‍റെ മികച്ച തുടക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവാര്‍ഡിന് ഭാഗ്യമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു, ഇത്തവണ അവാര്‍ഡുമായി മുന്നില്‍!