മോഹന്‍ലാല്‍ കണ്ണിറുക്കി, മീശപിരിച്ചു; ഷാജി കൈലാസ് അതെല്ലാം പകര്‍ത്തി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു!

ചൊവ്വ, 27 നവം‌ബര്‍ 2018 (14:02 IST)
ചില താരങ്ങള്‍ എന്ത് മാനറിസം കാണിച്ചാലും അത് മാസ് ആണ്. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം ആ ഗണത്തില്‍ പെട്ടവരാണ്. അവരുടെ ആംഗ്യങ്ങളും ഡയലോഗും ചിരിയുമെല്ലാം ആഘോഷിക്കപ്പെടുന്നു.
 
ആറാം തമ്പുരാന്‍ എന്ന ചിത്രത്തിനായി ‘ഹരിമുരളീരവം...’ ഗാനരംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയം. റിഹേഴ്സല്‍ സമയത്ത് മോഹന്‍ലാല്‍ സംവിധായകന്‍ ഷാജി കൈലാസിനെ നോക്കി കുസൃതിയോടെ കണ്ണിറുക്കി. ഇത്രയും ഭാവം മതിയോ എന്നായിരുന്നു ആ കണ്ണിറുക്കലിന്‍റെ അര്‍ത്ഥം. എന്നാല്‍ ആ കണ്ണിറുക്കല്‍ ഷാജിക്ക് വലിയ ഇഷ്ടമായി. ഷോട്ടില്‍ ഇത് ഉപയോഗിക്കാമെന്ന് പറഞ്ഞു. അത് ലാല്‍ സമ്മതിക്കുകയും ടേക്കില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഹരിമുരളീരവത്തിലെ ആ കണ്ണിറുക്കലിന്‍റെ ഇം‌പാക്‍ട് തിയേറ്ററില്‍ നമ്മള്‍ അനുഭവിച്ചതാണ്. 
 
നരസിംഹത്തില്‍ ഇന്ദുചൂഢന്‍ നദിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സീന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയം. മണപ്പള്ളി പവിത്രനോടുള്ള ഡയലോഗിന്‍റെ സമയത്തെപ്പൊഴോ മോഹന്‍ലാല്‍ രണ്ടുവിരലുകള്‍ കൊണ്ടുമാത്രം മീശ പിരിച്ചു. ഷാജി കൈലാസിന് അത് പെരുത്തിഷ്ടമായി.
 
അത് ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞപ്പോള്‍ ‘മീശയിലെ വെള്ളം തുടച്ചുകളയാന്‍ വേണ്ടി ചെയ്തതാണ്’ എന്ന് ലാല്‍ മറുപടി നല്‍കി. എന്തായാലും ഷാജി കൈലാസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മോഹന്‍ലാല്‍ അത് ഷോട്ടിലും ചെയ്തു. തിയേറ്റര്‍ ഇളകിമറിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നീലഗിരി മോഹന്‍ലാലിന് വേണ്ടി എഴുതിയത്, ആ ചിത്രത്തില്‍ മമ്മൂട്ടി എങ്ങനെ നായകനായി?!