ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും എപ്പോഴും സൈബർ ആങ്ങളമാരുടെ ഇരയാണ്. സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകൾക്കെല്ലാം നേരെ പരിഹാസവും ട്രോളും നിറഞ്ഞ വാക്കുകൾ ചൊരിയുകയാണ് പലരും. ഇപ്പോഴിതാ, തങ്ങളുടെ ബാന്റായ അമൃതം ഗമയയുടെ പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന വിമർശനത്തിന് മറുപടി നൽകുകയാണ് അഭിരാമി. പരിപാടിക്കിടെ താരം ഹെഡ് ബാംഗിംഗ് ചെയ്തതിനെ കളിയാക്കി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. ഇതിനാണ് വീഡിയോയിലൂടെ അഭിരാമി മറുപടി നല്‍കിയിരിക്കുന്നത്.
''ഇന്നത്തെ ടോപ്പിക് എന്റെ മുടിയാട്ടമാണ്. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അതിന്റെ വീഡിയോകള്‍ പ്രചരിക്കപ്പെടുകയും താഴെ ധാരാളം കമന്റുകള്‍ വരികയും ചെയ്തു. അതുകാരണമാണ് ഞാനിന്ന് ഈ വീഡിയോ ചെയ്യുന്നത്. അതില്‍ ഞാന്‍ ഹെഡ് ബാംഗിംഗ് ചെയ്യുന്നൊരു ഭാഗമുണ്ട്. അതിനെയാണ് മുടിയാട്ടം എന്ന് പറയുന്നത്. അതിന് എനിക്ക് വളരെ ക്രൂരമായ വിമര്‍ശനം നേരിടേണ്ടി വന്നു.
നമ്മള്‍ എന്ത് ചെയ്താലും വിമര്‍ശനമാണ്. അത് ശീലമായി. പക്ഷെ എന്ത് കേട്ടാലും മിണ്ടാതിരുന്നാലും ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് പറയണമെന്ന് കരുതി. അത് മുടിയാട്ടമല്ല. അത് ഹെഡ് ബാംഗിംഗ് ആണ്. ഒരുപാട് കമന്റുകള്‍ വന്നു. എംഡിഎംഎ ആണെന്നൊക്കെ പറഞ്ഞു. ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. ഇനി അത് കൂടെ എന്റെ തലയില്‍ വച്ച് തരരുത്. എന്നെ ഒരു ഡ്രഗി കൂടെ ആക്കരുത്'' എന്നും അഭിരാമി പറയുന്നു.