പുതിയ സിനിമയുടെ പ്രീ- റിലീസ് ചടങ്ങിനെത്തിയ നടന്‍ വിശാലിന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെട്ട് ആരാധകര്‍. ഷൂട്ടിംഗ് കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസിന് തയ്യാറെടുക്കുന്ന മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കാണ് കഴിഞ്ഞ ദിവസം വിശാല്‍ പൊതുവേദിയിലെത്തിയത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയായിരുന്നു വേദിയിലെത്തിയത്. സിനിമയെ പറ്റി സംസാരിക്കുമ്പോള്‍ താരത്തിന്റെ കൈ വിറയ്ക്കുന്നതും കാണാമായിരുന്നു.
ശരീരം മുന്‍പത്തേക്കാള്‍ ഏറെ മെലിഞ്ഞതിന് പുറമെ സംസാരിക്കുന്നതിനിടെ പലപ്പോഴും നാക്ക് കുഴയുന്നുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതോടെ വിശാലിന് എന്ത് സംഭവിച്ചെന്ന ആശങ്കയിലാണ് ആരാധകര്‍. കടുത്ത പനി ബാധിച്ചാണ് വിശാല്‍ വേദിയിലെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണമൊന്നും തന്നെ വന്നിട്ടില്ല.
2013 പൊങ്കല്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു വിശാല്‍ നായകനാകുന്ന മദ ഗജ രാജ. സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് സിനിമയിലെ നായികമാര്‍. സോനു സൂദാണ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം.