നടി മീന ബി.ജെ.പിയിലേക്ക്? നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രവേശനം
. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു.
ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി അഭ്യൂഹം. മീന ബി.ജെ.പിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് പ്രചരിക്കുന്ന വാർത്ത. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് ഇത്തരം വാർത്തകൾ പ്രചരിക്കാൻ കാരണമായിരിക്കുന്നത്.
പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ പറഞ്ഞു. മീന ബിജെപിയിലേക്കെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മീനക്ക് സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് വിവരം. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദർശിക്കുന്നതിനും മുന്നേ മീനയെ ബിജെപിയുമായി കൂട്ടിക്കെട്ടി മുൻപും വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ദില്ലിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തതും രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്പ്പിന്റെ സൂചനയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നെങ്കിലും നടിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടായില്ല. ഇപ്പോൾ വിവിധ മേഖലകളിൽ തിളങ്ങുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേൽ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മകൾക്കൊപ്പം ഇപ്പോൾ മുംബൈയിലുള്ള മീന ഈയാഴ്ച ചെന്നൈയിൽ തിരിച്ചെത്തുമെന്നും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം.