ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനം. മകൾ മീനാക്ഷി ദിലീപിനൊപ്പം പോകാൻ തീരുമാനിച്ചതോടെ സോഷ്യൽ മീഡിയ മഞ്ജുവിനെതിരെയായി. അമ്മയെ വേണ്ടെന്ന് വച്ച് മകൾ അച്ഛനോടൊപ്പം പോകണമെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണങ്ങൾ ഉണ്ടാകുമെന്നാണ് പലരുടെ നിഗമനം.
എന്നാൽ, അധികം വൈകാതെ ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ കഥകൾ മാറി. സോഷ്യൽ മീഡിയ മഞ്ജുവിനൊപ്പമായി. ഒന്നും ചോദിക്കാതെ, വച്ച് നീട്ടിയ ജീവനാംശം വേണ്ടെന്ന് വെച്ച്, മകളെ അവളുടെ ഇഷ്ടം മാനിച്ച് അച്ഛനോടൊപ്പം പറഞ്ഞ് വിട്ട് പൂജിതയായി തിരികെ നടന്ന മഞ്ജുവിനെ പല സ്ത്രീകളും മാതൃകയായി കണ്ടു.
ഇത് സംബന്ധിച്ച ഒരു ചോദ്യത്തിന് മകളുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നുവെന്നും അവൾക്ക് എപ്പോൾ വേണമെങ്കിലും തന്നെ അടുക്കൽ വരാമെന്നുമായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അതിനപ്പുറത്തേക്ക് കുടുംബ ജീവിതത്തെ കുറിച്ചോ കാര്യകാരണങ്ങളെ കുറിച്ചോ സംസാരിക്കാൻ മഞ്ജു തയ്യാറായിട്ടില്ല. അന്ന് മുതൽ ഇങ്ങോട്ട് പിതാവിനൊപ്പം എല്ലാ പിന്തുണയുമായി മീനാക്ഷി ഉണ്ട്.
ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോഴും മീനാക്ഷിയായിരുന്നു മുന്നിൽ നിന്നത്. അച്ഛന്റെ ഇഷ്ടത്തിനൊപ്പമാണ് താനെന്ന് അന്നും മീനാക്ഷി വ്യക്തമാക്കി. നിലവിൽ ഡോക്ടർ ആണ് മീനാക്ഷി. അടുത്തിടെയാണ് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. മകളുടെ ബിരുദ ദാനചടങ്ങിന്റെ ചിത്രങ്ങളെല്ലാം മുൻപ് ദിലീപ് പങ്കുവെച്ചിരുന്നു.
അതേസമയം ഇപ്പോൾ മകളെ കുറിച്ച് ദിലീപ് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. മീനാക്ഷി എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് അവൾ ജോലി ചെയ്യുകയാണെന്നാണ് ദിലീപ് പറഞ്ഞത്. പ്രിൻസ് ആന്റ് ദി ഫാമിലി സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പ്രതികരണം. 'മകൾ ജോലി ചെയ്യുന്നുവെന്നത് സന്തോഷമാണ്. ഒരു അഭിമാനം എന്നുള്ളത് ഞങ്ങളുടെ വീട്ടിൽ മാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, സ്ഥിരവരുമാനം', ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. അവൾ പഠിത്തവും ജോലിയുമൊക്കെയായി ഇങ്ങനെ പോകുകയാണെന്നും ദിലീപ് വ്യക്തമാക്കി.