അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം 35 വർഷങ്ങൾക്ക് ശേഷം രേവതി
ഇപ്പോൾ കാസ്റ്റിങ് ലിസ്റ്റിൽ ഒരാൾ കൂടി ഉൾപ്പെടുന്നു. നടി രേവതിയാണ് പുതിയ ആൾ.
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എൻ്റർടെയ്നർ ആയി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിൽ പ്രിയാമണി, മമിത ബൈജു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ കാസ്റ്റിങ് ലിസ്റ്റിൽ ഒരാൾ കൂടി ഉൾപ്പെടുന്നു. നടി രേവതിയാണ് പുതിയ ആൾ.
വിജയ്‍യുടെ 'അമ്മ വേഷത്തിലാണ് രേവതി ജനനായകനിൽ എത്തുന്നതെന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ. സിനിമയുടെ അണിയറപ്രവർത്തകരോ നടിയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടുകൾ സത്യമെങ്കിൽ 35 വര്‍ഷത്തിന് ശേഷമാണ് രേവതി വിജയ് ചിത്രത്തിലെത്തുന്നത്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി വേഷമിട്ടത് രേവതി ആയിരുന്നു. അന്ന് നായികയായി എത്തിയത് പ്രിയങ്ക ചോപ്ര ആയിരുന്നു.
അതേസമയം, സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്ട്രീമിങ് തുകയാണ് ഇത്. വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ജനനായകന്റെ ടീസറോ ആദ്യ ഗാനമോ പുറത്തുവിടുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.