Empuraan Controversy: 'ഭീരുക്കൾ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്നു'; എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുരളി ഗോപി
വിവാദങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്ത്.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തിരക്കഥാകൃത്ത് മുരളി ഗോപി ഇതുവരെ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. വിവാദം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് പോലും മുരളി ഗോപി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പങ്കുവെച്ച മാപ്പപേക്ഷ പോലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ, വിവാദങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്ത്.
സമകാലിക സമൂഹത്തിലെ അസിഹ്ണുതയേയും സൈബറാക്രമണങ്ങളെയും പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറി എന്നാണ് നടൻ പറയുന്നത്.
'എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീർക്കാൻ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കൾ കീബോർഡിന്റെ വിടവുകളിൽ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങൾ നടത്തുന്ന കാലമാണിത്. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറി. 'രാഷ്ട്രീയ ശരികളുടെ പ്ലാസ്റ്റിക് കയറുകൾ കൊണ്ട് നൈസർഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുകയാണ്', എന്നാണ് മുരളി ഗോപി, സംവിധായകൻ പി. പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്.
അതേസമയം, മാർച്ച് 27ന് പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. മോഹൻലാൽ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ആ പോസ്റ്റ് പൃഥ്വിരാജും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചിരുന്നു. അപ്പോഴും മുരളി ഗോപി മൗനം പാലിക്കുകയായിരുന്നു. ഇതും ചർച്ചയായി. മുരളി ഗോപിക്ക് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായെങ്കിലും താരം പ്രതികരിച്ചില്ല.