കരിയറിന്റെ തുടക്കത്തിൽ കുടുംബത്തിൽ നിന്നും താൻ നേരിട്ട അധിക്ഷേപങ്ങൾ തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷൻ താരം ഷൈനി ദോഷി. പിതാവിന്റെ നിലപാടുകളും പെരുമാറ്റവും കുടുംബ ബന്ധത്തിലെ ഇടർച്ചകളും തന്റെ കൗമാര കാലത്തെ ദോഷകരമായി ബാധിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. യുട്യൂബ് വിനോദ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കുട്ടിക്കാല ട്രോമയെ കുറിച്ച് നടി തുറന്നു പറഞ്ഞത്.
കുടുംബം നോക്കാൻ ചെറുപ്പത്തിൽ തന്നെ ജോലിക്കുപോയി തുടങ്ങേണ്ടിവന്നിരുന്നു. അതിനെയും പിതാവ് മോശം ഭാഷയിൽ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഷൈനി ദോഷി പറയുന്നു. കുട്ടിയായിരിക്കെ തന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. കുടുംബത്തിന് പിന്തുണ നൽകാൻ ചെറുപ്പത്തിൽ തന്നെ ജോലിക്ക് പോകേണ്ടിവന്നു. മോഡലിങ്ങിലേക്ക് തിരിഞ്ഞതോടെ പലപ്പോഴും അച്ഛൻ അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും നടി പറയുന്നു.
'അന്നെനിക്ക് 16 വയസ്സാണ്. മോഡലിങ്ങിന്റെ ഭാഗമായതോടെ ഫോട്ടോഷൂട്ട് ചിലപ്പോൾ പുലർച്ചെവരെ നീളുമായിരുന്നു. അപ്പോഴെല്ലാം അമ്മ കൂടെയുണ്ടാവും. ജോലിക്ക് ശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ, അച്ഛൻ മോശം ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു. നീ അവളെ കൂട്ടിക്കൊടുക്കാൻ കൊണ്ടുപോവുകയാണോ?, എന്ന് ഒരിക്കൽ അച്ഛൻ അമ്മയോട് ചോദിച്ചു.
ഞങ്ങൾ സുരക്ഷിതരാണോ എന്ന് അന്വേഷിക്കേണ്ട വ്യക്തിയാണ് ഇത്തരത്തിൽ ചോദിക്കുന്നത്. നിറ കണ്ണുകളോടെ നടി പറയുന്നു. പിതാവിനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ജീവിതത്തിലെ ഇത്തരം കെട്ടുകളെ ഇപ്പോൾ ജീവിതപാഠങ്ങളായാണ് കാണുന്നത്. എന്നാൽ, ചിലപ്പോൾ ഞാൻ അശക്തയാണെന്ന് തോന്നും. ഞാൻ നിനക്കൊപ്പമുണ്ട് എന്ന് പറയാൻ എനിക്ക് ഒരു പിതൃതുല്യൻ ഒരിക്കലുമുണ്ടായിരുന്നില്ല', അവർ പറഞ്ഞു.