എന്തിനാ എല്ലാവരും രേണുവിനെ ഇങ്ങനെ കളിയാക്കുന്നത്? പാവം ജീവിച്ച് പൊയ്ക്കോട്ടേ; വ്‌ളോഗർമാർക്കെതിരെ തെസ്‌നി ഖാൻ
രേണു സുധിക്കെതിരെ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി തെസ്‌നി ഖാൻ
അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി തെസ്‌നി ഖാൻ. രേണുവിനെ പരിഹസിച്ചു കൊണ്ട് വീഡിയോ പകർത്തിയ യൂട്യൂബ് വ്‌ളോഗറെ വിമർശിച്ചു കൊണ്ടാണ് തെസ്‌നിയുടെ വാക്കുകൾ. രേണുവിനെ പരിഹസിച്ച് കൊണ്ടുള്ള ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയിലാണ് തെസ്‌നി ഖാൻ കമന്റ് ചെയ്തത്.
'മഞ്ജു വാര്യരെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴുള്ള രേണു സുധിയുടെ മറുപടി കേട്ടോ?' എന്ന ക്യാപ്ഷനോടെ എത്തിയ വീഡിയോയാണ് തെസ്‌നി വിമർശിച്ചത്. 'ഞാൻ ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവർ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവർ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു, ആർക്കും അവർ ശല്യം ആകുന്നില്ലല്ലോ. കാണാത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത കാര്യമാണ്, അത് ഓർക്കുക', എന്നാണ് തെസ്‌നിയുടെ കമന്റ്.
അതേസമയം, മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് പറയുന്ന വീഡിയോയിൽ രേണു സുധി പ്രതികരിക്കുന്നുമുണ്ട്. 'അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ വലിയ ആർട്ടിസ്റ്റാണ്. എനിക്കു വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ' എന്നാണ് വീഡിയോയിൽ രേണു പറയുന്നത്. തെസ്‌നി ഖാൻ മാത്രമല്ല, നിരവധി കമന്റുകളാണ് വ്‌ളോഗ്‌റെ വിമർശിച്ചു കൊണ്ട് യൂട്യൂബ് വീഡിയോക്ക് താഴെ എത്തുന്നത്.