Adila Nasarin and Fathima Noora in Bigg Boss Malayalam Season 7: സ്വവര്‍ഗാനുരാഗികള്‍, പ്രണയം തുടങ്ങിയത് 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍; ആരാണ് ആദിലയും നൂറയും
ആലുവ സ്വദേശിനിയായ ആദിലയും താമരശ്ശേരി സ്വദേശിനിയായ ഫാത്തിമയും സൗദിയില്‍ വെച്ചാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും
Adila and Noora - Bigg Boss Malayalam Season 7
Adila Nasarin and Fathima Noora: ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ഥികളായി എത്തിയിരിക്കുന്ന ആദില-നൂറ ദമ്പതികളെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ലെസ്ബിയന്‍ പ്രണയിനികളായ ആദില നസ്രീനും ഫാത്തിമ നൂറയും 2022 മുതല്‍ ഒന്നിച്ചാണ് ജീവിക്കുന്നത്.
12-ാം ക്ലാസില്‍ ആരംഭിച്ച പ്രണയം
ആലുവ സ്വദേശിനിയായ ആദിലയും താമരശ്ശേരി സ്വദേശിനിയായ ഫാത്തിമയും സൗദിയില്‍ വെച്ചാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഇരുവരും സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്രണയത്തിലായി. സ്വവര്‍ഗാനുരാഗികള്‍ ആണെന്നു തിരിച്ചറിഞ്ഞ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇതിനിടെ നൂറയുടെ കുടുംബം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.
പ്രണയത്തിലായ ശേഷം ഇരുവരും ബിരുദ പഠനത്തിനായി കേരളത്തിലെത്തി. കോവിഡ് സമയത്ത് നൂറയെ മാതാപിതാക്കള്‍ സൗദിയിലേക്കു കൊണ്ടുപോയി. അവിടെ വെച്ചാണ് ആദിലയുമായി പ്രണയത്തിലാണെന്ന കാര്യം നൂറയുടെ കുടുംബം അറിയുന്നത്. ഈ ബന്ധത്തെ നൂറയുടെ കുടുംബം ശക്തമായി എതിര്‍ത്തു. ബിരുദ പഠനത്തിനു ശേഷം ഒളിച്ചോടാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനായി ചെന്നൈയില്‍ ജോലിയും ശരിയാക്കി.
കോടതി കയറിയ പ്രണയം
വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇരുവരും 2022 മേയ് 19 നു ഒളിച്ചോടി കോഴിക്കോട് ഒരു കേന്ദ്രത്തില്‍ അഭയം തേടി. എന്നാല്‍ ബന്ധുക്കള്‍ അവിടെയെത്തി പ്രശ്നമുണ്ടാക്കുകയും പൊലീസ് ഇടപെടുകയും ചെയ്തു. പിന്നീട് ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. എന്നാല്‍ നൂറയുടെ ബന്ധുക്കള്‍ ഇവിടെയെത്തി ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയെന്നും തന്റെ മാതാപിതാക്കള്‍ അവരെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആദില പറയുന്നു. തുടര്‍ന്നാണ് നൂറയെ വിട്ടുകിട്ടാന്‍ ആദില ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ പ്രണയത്തിലാണെന്നും നൂറയെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു.
കോടതിയുടെ നിരീക്ഷണം
ആദിലയുടെ ഹര്‍ജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കാന്‍ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നിച്ച് ജീവിക്കാനുള്ള താല്‍പര്യം ഇരുവരും അറിയിച്ചു. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ നിയമപരമായി തടസ്സമില്ലെന്നു വ്യക്തമാക്കി നൂറയെ ആദില നസ്രീനൊപ്പം വിട്ടു ഹര്‍ജി തീര്‍പ്പാക്കിയത്.