സെക്സ് സീൻ കാണാനായി ചാലയിലെ തൊഴിലാളികൾ ഇടിച്ചുകയറി, ഐഎഫ്എഫ്കെയിൽ അങ്ങനെയാണ് ഡെലിഗേറ്റ് പാസ് വന്നത്: അടൂർ ഗോപാലകൃഷ്ണൻ
ഡെലിഗേറ്റ് പാസ് ഏര്‍പ്പെടുത്തിയത് ഫിലിം ഫെസ്റ്റിവലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ തള്ളികയറ്റം ഒഴിവാക്കാനായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
ഫിലിം ഫെസ്റ്റിവലിന് ആദ്യമായി ഡെലിഗേറ്റ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അടൂര്‍ ഇക്കാര്യം പറഞ്ഞത്. ഡെലിഗേറ്റ് പാസ് ഏര്‍പ്പെടുത്തിയത് ഫിലിം ഫെസ്റ്റിവലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ തള്ളികയറ്റം ഒഴിവാക്കാനായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
ഒരിക്കല്‍ ശ്രീ തിയേറ്ററില്‍ പടം നടന്നുകൊണ്ടിരിക്കെ പുറകിലെ കതക് പൊളിച്ച് അകത്ത് കടക്കാനുള്ള ശ്രമമുണ്ടായി. സിനിമയില്‍ സെക്‌സ് രംഗങ്ങളുണ്ടെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്നായിരുന്നു അത്. ചാലയിലെ തൊഴിലാളികളുടെ ഒരു സംഘമായിരുന്നു അത്. അവര്‍ വാതില്‍ തള്ളിതുറക്കാന്‍ ശ്രമിച്ചു. കുറെ കഴിഞ്ഞ് ആരോ അവര്‍ക്ക് വാതില്‍ തുറന്നുകൊടുത്തു. അന്ന് ആ നിമിഷമാണ് തീരുമാനിച്ചത് ഫിലിം ഫെസ്റ്റിവലില്‍ സിനിമയുമായി ബന്ധമില്ലാത്ത ആളുകള്‍ തള്ളികയറുന്നത് നിര്‍ത്തണമെന്ന്. അങ്ങനെയാണ് കേരളത്തില്‍ ഫിലിം ഫെസ്റ്റിവലില്‍ ഡെലിഗേറ്റ് പാസ് സംവിധാനം വരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.