സിനിമ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റമാണെന്ന് കെ രാധാകൃഷ്ണന്‍ എം പി. പിന്നോക്ക സമുദായത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് വിഖ്യാത സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായത്. അടൂര്‍ അങ്ങനെ പറയുമോ എന്നാണ് താന്‍ ആദ്യം ചിന്തിച്ചതെന്നും രാധാകൃഷ്ണന്‍ എം പി പറഞ്ഞു.
പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവരുടെ കുന്തമുനയ്ക്ക് മൂര്‍ച്ഛ കൂട്ടുന്ന സമീപനമാണ് അടൂര്‍ ഗോപാലകൃഷ്ണനെ പോലെ പ്രശസ്തനായ സംവിധായകനില്‍ നിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായിരിക്കുന്നതെന്നും അടൂരിനെ പോലുള്ള ആളുകള്‍ പിന്നോക്ക സമൂഹത്തിന് പിന്തുണ ഉറപ്പാക്കുന്നതിന് പകരം അവരെ വിമര്‍ശിക്കുന്ന രീതിയിലേക്ക് പോയത് അപലപനീയമാണെന്നും അത് തിരുത്താന്‍ അടൂര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു.
സിനിമ കോണ്‍ക്ലേവില്‍ വെച്ച് പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനം നല്‍കണമെന്നും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതെ പണം മുടക്കരുതെന്നും അടൂര്‍ പറഞ്ഞിരുന്നു. വലിയ വിമര്‍ശനമാണ് അടൂരിന്റെ ഈ പരാമര്‍ശത്തിനെതിരെ ഉയരുന്നത്.