Adoor Gopalakrishnan Controversy: 'സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ് നല്‍കണം, അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്?'; അടൂരിനെ പിന്തുണച്ച് മുകേഷ്
അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുകേഷ്
സിനിമ കോണ്‍ക്ലേവ് സമാപന ചടങ്ങിലെ പ്രസംഗത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി നടനും എംഎല്‍എയുമായ മുകേഷ്. അടൂര്‍ പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയായിരിക്കില്ലെന്നാണ് മുകേഷ് പറയുന്നത്. സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് മാസത്തെ ട്രെയ്‌നിംഗ് കൊടുക്കുന്നത് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
'എനിക്ക് തോന്നുന്നത് അദ്ദേഹം പറഞ്ഞത് ആ ഉദ്ദേശത്തോടെയായിരിക്കില്ല എന്നാണ്. അങ്ങനെയുള്ളവര്‍ വന്ന് കഴിഞ്ഞാല്‍ അവരെ ഇന്റര്‍വ്യു നടത്തി, ആവശ്യമെങ്കില്‍ മൂന്ന് മാസത്തെ ക്ലാസ് കൊടുക്കണം. അതായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അറിവില്ലാത്ത സ്ത്രീകളാണെങ്കില്‍ സിനിമ സംവിധാനം ചെയ്യാനുള്ള മൂന്നു മാസത്തെ ട്രെയ്‌നിംഗ് കൊടുത്താല്‍ കുറേക്കൂടെ നന്നാകും. അതാണ് എന്റേയും അഭിപ്രായം.
എല്ലാവരും അങ്ങനെ വേണമെന്നല്ല. ഇന്റര്‍വ്യുവില്‍ നമുക്ക് അറിയാമല്ലോ. കപ്പാസിറ്റിയുണ്ടെങ്കില്‍ ചെയ്യട്ടെ. കപ്പാസിറ്റിയില്ലെങ്കില്‍ പറഞ്ഞു കൊടുക്കട്ടെ. ഗുരുക്കന്മാര്‍ പറഞ്ഞു കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? അദ്ദേഹം അതാകാം പറഞ്ഞത്. വേറൊന്നിനുമുള്ള സാധ്യതയില്ല. നല്ല സിനിമ ഉണ്ടാവുക, ചെറുപ്പക്കാര്‍ കയറി വരണം എന്ന ഉദ്ദേശം തന്നെയാകും അദ്ദേഹത്തിന്. അതിനപ്പുറത്തേക്ക് വേറൊരു ഉദ്ദേശം വരാന്‍ സാധ്യതയില്ല', എന്നും മുകേഷ് പറയുന്നു.
അതേസമയം, വിവാദത്തിൽ പ്രതികരിച്ച് അടൂർ. താന്‍ ദളിതരെയും സ്ത്രീകളെയും മോശമാക്കി പറഞ്ഞ ഭാഗം ഏതെന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു ഭാഗത്തില്‍ ഈ രണ്ട് കൂട്ടരെയും മോശമാക്കി താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ കാണിച്ചുതരാനും അങ്ങനെയുണ്ടെങ്കില്‍ ക്ഷമാപണത്തിനു തയ്യാറാണെന്നും അടൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.