മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. നല്ല സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നതിൻ്റെ കാരണം എഴുത്തുകാർ ചിന്തിക്കണമെന്നും ഈ അടുത്ത് തനിക്ക് ചെയ്യണമെന്ന് തോന്നിയ ഒരു കഥാപാത്രങ്ങളും മലയാളത്തിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ കുറയുന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞ ഐശ്വര്യ, ഉള്ളൊഴുക്കിലെ ഫീമെയിൽ കഥാപാത്രങ്ങളെ പുകഴ്ത്തുകയും ചെയ്തിരുന്നു. നമ്മൾ ഫോർമുല സിനിമയുടെ സൈഡിലേക്ക് പോകുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. അത് ജഡ്ജ് ചെയ്യാനുള്ള അറിവും വിവരവും എനിക്കില്ല എന്നാണ് നടി പറയുന്നത്.
'ഉള്ളൊഴുക്കിലെ ഫീമെയിൽ കഥാപാത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഈ അടുത്ത് അതല്ലാതെ എനിക്ക് ചെയ്യണം എന്ന് തോന്നിയ മലയാളം സിനിമകൾ ഉണ്ടായിട്ടില്ല. നല്ല സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നതിൻ്റെ കാരണം എഴുത്തുകാർ ചിന്തിക്കണം. എനിക്ക് നല്ലത് വന്നാൽ ഒരിക്കലും ഞാൻ നോ പറയില്ല. ഹലോ മമ്മിയിലെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു, ആ കഥയുടെ ഐഡിയ എനിക്ക് ഇഷ്ടമായി. അതിലെ അമ്മ മകൾ ബന്ധം എനിക്ക് വർക്ക് ആയി. അതൊക്കെ കൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്. അതിന് ശേഷം എനിക്ക് അത്തരം ഒരു കഥ കിട്ടിയിട്ടില്ല. സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്ന് കുറയുന്നതിൽ വിഷമമുണ്ട്. നമ്മൾ ഫോർമുല സിനിമയുടെ സൈഡിലേക്ക് പോകുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. അത് ജഡ്ജ് ചെയ്യാനുള്ള അറിവും വിവരവും എനിക്കില്ല', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ 'ഹലോ മമ്മി'യാണ് ഐശ്വര്യയുടേതായി അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ധീൻ ആയിരുന്നു സിനിമയിലെ നായകൻ. സൂരി നായകനാകുന്ന മാമൻ എന്ന തമിഴ് സിനിമയാണ് ഐശ്വര്യയുടേതായി റിലീസ് ആയ ഏറ്റവും പുതിയ ചിത്രം.