23 വയസ് ഇളയ ജെനീലിയയുമായി റൊമാൻസ്; വിമർശനത്തിൽ പ്രതികരിച്ച് ആമിർ ഖാൻ
പ്രായവ്യത്യാസത്തെ കുറിച്ചുള്ള ചിന്തകൾ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആമിർ ഖാൻ പറയുന്നത്.
Publish Date: Mon, 09 Jun 2025 (20:47 IST)
Updated Date: Mon, 09 Jun 2025 (20:50 IST)
സിതാരേ സമീൻ പർ എന്ന ചിത്രമാണ് ആമിർ ഖാന്റേതായി റിലീസിന് ഒരുങ്ങുന്നത്. ജെനീലിയ ആണ് ചിത്രത്തിൽ നായിക. ജൂൺ 20ന് ആണ് സിതാരേ സമീൻ പർ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ ആമിർ ഖാനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ജെനീലിയയ്ക്ക് ആമിർ ഖാനേക്കാൾ 23 വയസ് ഇളപ്പമുണ്ട്. ഇതാണ് വിമർശനത്തിന് കാരണമായത്. ഇപ്പോഴിതാ, ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ആമിർ ഖാൻ. പ്രായവ്യത്യാസത്തെ കുറിച്ചുള്ള ചിന്തകൾ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആമിർ ഖാൻ പറയുന്നത്.
'പ്രായവ്യത്യാസത്തെ കുറിച്ച് എനിക്കറിയാം. ആ ചിന്ത എനിക്കും വന്നിരുന്നു. പക്ഷെ സിനിമയിൽ ഞങ്ങൾ 40കളുടെ തുടക്കത്തിലാണ്. ആ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്' എന്നാണ് ആമിർ ഖാൻ പറയുന്നത്. വിഎഫ്എക്‌സ് സൗകര്യം ഉള്ളതിനാൽ പ്രായം കുറച്ച് അഭിനയിക്കാനും കൂട്ടാനുമൊക്കെ എളുപ്പം സാധിക്കുമെന്നും ആമിർ പറയുന്നുണ്ട്.
'എനിക്ക് ഇപ്പോൾ 60 വയസ് ആയി. ഇന്ന് വിഎഫ്എക്‌സിന്റെ ഗുണം നമുക്കുണ്ട്. മുമ്പായിരുന്നെങ്കിൽ 18കാരനായി അഭിനയിക്കണമെങ്കിൽ എനിക്ക് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യേണ്ടി വന്നേനെ, അനിൽ കപൂർ ഈശ്വർ സിനിമയിൽ ചെയ്തത് പോലെ. ചെറുപ്പമായിരുന്ന അദ്ദേഹം 80 വയസുള്ള ഒരാളായി അഭിനയിച്ചു. ഇന്ന് 80 വയസുള്ള ആളാക്കാനും തിരിച്ച് പ്രായം കുറയ്ക്കാനും വിഎഫ്എക്‌സ് കൊണ്ട് എളുപ്പം സാധിക്കും” എന്നാണ് ആമിർ പറയുന്നത്.