അമ്മയിൽ ഇന്ന് തെരെഞ്ഞെടുപ്പ്: മമ്മൂട്ടി എത്തിയേക്കില്ല, സുരേഷ് ഗോപിയും മോഹൻലാലും വോട്ടിങ്ങിനെത്തും
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കായി ദേവനും ശ്വേതാമേനോനുമാണ് മത്സരിക്കുന്നത്.
താരസംഘടനയായ അമ്മയുടെ ഭാരവാഹികളെ ഇന്ന് തെരെഞ്ഞെടുക്കും. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ രാവിലെ 10 മണി മുതല്‍ ഒരു മണിവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 4 മണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. സംഘടനയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശം.
സംഘടനയുടെ ചരിത്രത്തിലാദ്യമായി ആരോപണ- പ്രത്യാരോപണങ്ങളുമായി കലുഷിതമായ പ്രചാരണമായിരുന്നു ഇത്തവണ നടന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കായി ദേവനും ശ്വേതാമേനോനുമാണ് മത്സരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും തമ്മിലാണ് മത്സരം. അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു.
മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഇന്ന് വോട്ടിങ്ങിനെത്തും. ചെന്നൈയിലുള്ള മമ്മൂട്ടി വോട്ടിങ്ങില്‍ പങ്കെടുത്തേക്കില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ്.