കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 51 വയസായിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി എട്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിക്കുകയായിരുന്നു.
അറബിക്കഥ എന്ന സിനിമയിലെ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം എന്ന കവിതയാണ് അനില്‍ പനച്ചൂരാനെ മലയാളത്തില്‍ വലിയ പ്രശസ്തിയിലേക്ക് പിടിച്ചുയര്‍ത്തിയത്. ആ സിനിമയിലെ തന്നെ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി... എന്ന ഗാനവും ഏറെ ജനപ്രീതി നേടി.
കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ... എന്ന ഗാനവും വലിയ ഹിറ്റായി. മാണിക്യക്കല്ല്, ഭ്രമരം, മാടമ്പി, നസ്രാണി, പരുന്ത്, ബോഡിഗാര്‍ഡ്, സീനിയേഴ്‌സ്, ലൌഡ് സ്പീക്കര്‍, സൈക്കിള്‍, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ വളരെ വ്യത്യസ്തവും ജനപ്രീതിയാര്‍ജ്ജിച്ചതുമായി.
ഒരു ഗാനരചയിതാവ് എന്നതിലുപരി ഒരു കവി എന്ന നിലയില്‍ അനില്‍ പനച്ചൂരാന്‍ ഏറെ അംഗീകരിക്കപ്പെട്ടു. വലയില്‍ വീണ കിളികള്‍, കണ്ണീര്‍ കനലുകള്‍, ഒരു മഴ പെയ്‌തെങ്കില്‍, അനാഥന്‍, പ്രണയകാലം തുടങ്ങിയവയാണ് അനില്‍ പനച്ചൂരാന്‍റെ പ്രധാന കവിതാ സമാഹാരങ്ങള്‍.
ചിത്രത്തിന് കടപ്പാട്: ഡി സി കിഴക്കേമുറി ഫൌണ്ടേഷന്‍