Anupama Parameswaran: 'അവന്‍ മരിക്കും മുമ്പ് അയച്ച മെസേജ്, മറുപടി നല്‍കിയില്ല'; ഇന്നും കുറ്റബോധമുണ്ടെന്ന് അനുപമ
നിലവിൽ മലയാളത്തിനേക്കാള്‍ തെലുങ്കിലാണ് അനുപമ കൂടുതല്‍ സജീവം.
അൽഫോൻസ് പുത്രൻ കൊണ്ടുവന്ന നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി ഏറെ ശ്രദ്ധ നേടിയെങ്കിലും അനുപമയ്‌ക്ക് മലയാളത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് നടി ചുവടുമാറ്റി. രണ്ട് മൂന്ന് സിനിമകൾക്ക് ശേഷം തെലുങ്ക് ഇൻഡസ്ട്രിയും പ്രേക്ഷകരും അനുപമയെ സ്വീകരിച്ചു.
നിലവിൽ മലയാളത്തിനേക്കാള്‍ തെലുങ്കിലാണ് അനുപമ കൂടുതല്‍ സജീവം. തെലുങ്കില്‍ ഒരുപാട് ആരാധകരെ നേടാനും സാധിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു കുറ്റബോധത്തെക്കുറിച്ചുള്ള അനുപമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
കാലങ്ങള്‍ക്ക് ശേഷം പഴയൊരു സുഹൃത്ത് മെസേജ് അയച്ചിട്ടും മറുപടി നല്‍കാതിരുന്നതിനെയാണ് അനുപമ ഇന്ന് കുറ്റബോധത്തോടെ കാണുന്നത്. തനിക്ക് മെസേജ് അയച്ച് രണ്ടാം ദിവസം ആ സുഹൃത്ത് മരിച്ചുപോയെന്നും അനുപമ പറയുന്നു. ഒരു അഭിമുഖത്തില്‍ നിന്നുള്ള അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
''വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു.'' താരം പറയുന്നു.
''അവന് ക്യാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും.'' എന്നും അനുപമ പറയുന്നു. താരത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.