Ghatti: അനുഷ്കയുടെ രണ്ടാം വരവ്; 'ഘാട്ടി' ട്രെയ്‌ലർ പുറത്ത്, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്.
അനുഷ്‍ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ഒന്നിക്കുന്ന 'ഘാട്ടി'യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 2025 സെപ്റ്റംബർ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രം ആകർഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ പക, പ്രതികാരം, പോരാട്ടം എന്നിവയാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. വളരെ ശക്തവും തീവ്രവുമായ പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത്.