സിനിമാമേഖലയിൽ ലഹരിമരുന്നിൻ്റെ ഉപയോഗം വർധിച്ചുവരുന്നതായുള്ള പരാതികൾക്കിടയിൽ സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക സിനിമ സംഘടനകളുടെയും പോലീസിൻ്റെയും കയ്യിലുണ്ടെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബാബുരാജ്.ലഹരിമരുന്ന് ക്യാരിയർമാരിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്നും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കൂടിയായ ബാബുരാജ് വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിനിമയിൽ മാത്രമല്ല എല്ലായിടത്തും ലഹരിമരുന്നിൻ്റെ ഉപയോഗം വർധിച്ചിട്ടുണ്ട്. സിനിമയിൽ ആരെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിൻ്റെ ലിസ്റ്റ് പോലീസിൻ്റെയും സിനിമാസംഘടനകളുടെയും കയ്യിൽ ഉണ്ട്. പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്പോഴാണ് ഇതാർക്ക് വേണ്ടിയുള്ളതാണെന്ന് പറയുന്നത്. അങ്ങനെ ഒരിക്കൽ പിടിക്കപ്പെട്ടയാൾ മൊഴി നൽകി ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് മലയാള സിനിമയിലെ ഒരു വലിയ നടൻ്റെ വണ്ടിക്ക് പുറകെയാണ്. ആ വണ്ടി അന്ന് നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ വ്യവസായം തന്നെ അന്ന് തീർന്നേനെ. അതെല്ലാം സത്യങ്ങളാണ്. ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്ന് കരുതിയാകാം അന്ന് അത് വേണ്ടെന്ന് വെച്ചത്.
പണ്ടെല്ലാം ഒരു മറയിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കിൽ ഇന്ന് കാര്യങ്ങളെല്ലാം പരസ്യമാണെന്നും ഈ സിസ്റ്റം മാറണമെന്നും വ്യക്തിപരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്നും ജോലി സ്ഥലത്തും ഇവ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു.