Bha Bha Ba Teaser: വിന്റേജ് ദിലീപ് ഈസ് ബാക്ക്; ട്രെൻഡിങ്ങ് ലിസ്റ്റിൽ കയറി ഭ.ഭ.ബ ടീസർ
. ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കാത്തിരുപ്പുകൾക്കൊടുവിൽ ദിലീപിന്റെ മാസ് എന്റർടെയ്നർ ചിത്രം ഭ.ഭ.ബയുടെ ടീസർ ഇന്നലെ പുറത്തിറങ്ങി. ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യൂടൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ കയറിയ ടീസർ ഇതിനോടകം 2 മില്യണിനടുത്ത് ആളുകളാണ് കണ്ടുകഴിഞ്ഞത്. ഹൈ വോൾട്ടേജ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചനകളാണ് ഭ.ഭ.ബയുടേതായി പുറത്തിറങ്ങിയ ടീസറിൽ നിന്നും ലഭിക്കുന്നത്.
പഴയ ദിലീപ് ചിത്രങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരുക്കിയ രംഗങ്ങളും ടീസറിലുണ്ട്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിൽ പ്രധാന റോളുകളിലുണ്ട്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്കെഴുത്താണ് സിനിമയുടെ ടൈറ്റിൽ. വിന്റേജ് ദിലീപിനെ വർഷങ്ങൾക്ക് ശേഷം കണ്ടുവെന്ന കമന്റുകൾ കൊണ്ട് നിറയുകയാണ് ടീസർ.
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ഒരുക്കിയത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തും. അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച വിവരമൊന്നും സ്ഥിരീകരിച്ചിട്ടില്ല.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി.സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്‌സ്ലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻ്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്.