Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന, ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി; അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മലയാള സിനിമാലോകം കേട്ടത് അനശ്വര നടന്റെ മരണവാര്‍ത്ത

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന, ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി; അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മലയാള സിനിമാലോകം കേട്ടത് അനശ്വര നടന്റെ മരണവാര്‍ത്ത
, ശനി, 29 ജനുവരി 2022 (10:25 IST)
അനശ്വര നടന്‍ ഭരത് ഗോപിയുടെ ഓര്‍മകളില്‍ മലയാള സിനിമാലോകം. ഭരത് ഗോപി വിടവാങ്ങിയിട്ട് ഇന്നേക്ക് 14 വര്‍ഷമായി. മലയാളസിനിമയെ താരസുന്ദരന്മാരില്‍ നിന്നു മോചിപ്പിച്ച് അഭിനയത്തികവിന്റെ മാസ്മരികത കൊണ്ട് ലോകമെമ്പാടും യശസ്സുണ്ടാക്കിത്തന്ന അപൂര്‍വ കലാകാരനാണ് ഭരത് ഗോപി. ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളില്ലാത്ത നടനായിരുന്നു അദ്ദേഹം. അഭിനയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പകരം വെയ്ക്കാന്‍ ആളില്ലാത്ത താരമായി മാറിയത്.
 
തിരുവനന്തപുരത്തിനടുത്ത് ചിറയിന്‍കീഴില്‍ 1937 ജനുവരി 11 നാണു വി ഗോപിനാഥന്‍ നായര്‍ എന്ന ഗോപി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്നു കേരള വൈദ്യുതിബോര്‍ഡില്‍ ഓവര്‍സിയറായി.
 
ചെറുപ്പത്തിലേ നാടകത്തോടു താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം, തനതു നാടകവേദിക്കു പുത്തനുണര്‍വേകി കാവാലം നാരായണപ്പണിക്കര്‍ സംഘടിപ്പിച്ച 'തിരുവരങ്ങി'ലെ നടനായി. 'തിരുവരങ്ങി'ലെ അനുഭവം അഭിനയരംഗത്തു ഗോപിക്കു പുത്തന്‍ ദര്‍ശനങ്ങള്‍ സമ്മാനിച്ചു. തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി പല ദേശീയ നാടകോത്സവങ്ങളിലും അദ്ദേഹം പങ്കെടുത്തു.
 
തിരുവരങ്ങിന്റെ നാടകങ്ങളിലെ പ്രകടനം പ്രേക്ഷകപ്രശംസ നേടി. അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള സൗഹൃദമാണ് ഭരത് ഗോപിയെ സിനിമയിലെത്തിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ 'ഗോദോയെ കാത്ത്' എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അടൂരിന്റെ 'സ്വയംവര'ത്തിലൂടെയാണ് ഗോപി സിനിമയിലെത്തുന്നത്.
 
തുടര്‍ന്ന് 'കൊടിയേറ്റ'ത്തില്‍ നായകനായി അഭിനയിച്ചു. കൊടിയേറ്റത്തിലെ അഭിനയത്തിന് മികച്ച സിനിമാനടനുള്ള 'ഭരത്' അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. 1978, 82, 83, 85 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഗവണ്‍മെന്റ് ഓഫ് ഫ്രാന്‍സ് നല്കുന്ന മികച്ച പെര്‍ഫോമര്‍ക്കുള്ള അവാര്‍ഡ് 1985ല്‍ അദ്ദേഹത്തെ തേടിയെത്തി.
 
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, പിന്നെ ആ സെറ്റിലേക്ക് മലയാളത്തിന്റെ ഗൗരവക്കാരനായ നടന്‍ തിരിച്ചെത്തിയില്ല. ഹൃദയാഘാതം ഉണ്ടായി അഞ്ചു ദിവസങ്ങള്‍ക്കു ശേഷം 2008 ജനുവരി 29ന് അദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞു. പക്ഷേ, വെള്ളിത്തിരയില്‍ ഭരത് ഗോപി എന്നും ജീവിക്കും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജീവിതത്തില്‍ അപൂര്‍വമായി മാത്രമേ അംഗീകാരങ്ങള്‍ കിട്ടിയിട്ടുള്ളൂ'; നടന്‍ സൈജുകുറുപ്പ് പറയുന്നു