താരസംഘടനയിലെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്ന താരങ്ങള്‍ക്കെതിരെ വന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാതെ ഒളിച്ചോടി അമ്മ നേതൃത്വം. മുകേഷ്, സിദ്ദിഖ്,ഇടവേള ബാബു,ബാബുരാജ് തുടങ്ങി സംഘടനയിലെ പ്രബലര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ പരിശോധിക്കുമെന്നോ അച്ചടക്ക നടപടി സ്വീകരിക്കുമെന്നോ എന്നൊന്നും തന്നെ പ്രതികരിക്കാതെ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ് വെള്ളിത്തിരയിലെ നായകന്മാര്‍ ചെയ്തിരിക്കുന്നത്.
അമ്മ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് മുങ്ങിയ മോഹന്‍ലാലാണ് ട്രോളുകള്‍ ഏറ്റുവാങ്ങിയതെങ്കിലും ആരോപണങ്ങള്‍ 20 വര്‍ഷങ്ങള്‍ മുന്‍പുള്ള കാര്യങ്ങള്‍ കൂടിയാവുമ്പോള്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ താരസംഘടനയുടെ ഭാഗത്ത് നിന്നും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ തങ്ങളുടെ തൊഴില്‍ മേഖല നിന്ന് കത്തുമ്പോള്‍ വിഷയത്തില്‍ യാതൊരു വിധ പ്രതികരണങ്ങളും നടത്താന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.
സംഘടനയുടെ തലപ്പത്തില്ലെങ്കിലും മലയാള സിനിമയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒന്നെന്ന നിലയില്‍ സ്വന്തം തൊഴില്‍ മേഖലയില്‍ നിന്നും വരുന്ന ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ബാധ്യസ്ഥരാണ്. സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്ന മോഹന്‍ലാല്‍ ആകട്ടെ ചോദ്യങ്ങള്‍ ഒന്നും നേരിടാന്‍ തയ്യാറാകാതെ ഒളിച്ചോടിയിരിക്കുകയാണ്. അമ്മ ഭരണസമിതി തന്നെ പിരിച്ചുവിട്ട സാഹചര്യത്തില്‍ നിലവില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ആരും തന്നെ മറുപടി നല്‍കേണ്ടതില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
തെരെഞ്ഞെടുപ്പ് നടന്ന് പുതിയ ഭരണസമിതി നിലവില്‍ വരാന്‍ ചുരുങ്ങിയത് 2 മാസം സമയമെങ്കിലും വേണ്ടിവരും. ഇതോടെ വിഷയം എരിഞ്ഞൊതുങ്ങുമെന്നുമാണ് സംഘടന കണക്കാക്കുന്നത്. സെപ്റ്റംബറില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നതിനാല്‍ കോടതി ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അതില്‍ നിന്നും ഒഴിവാകാനും ഇത് സൂപ്പര്‍ താരങ്ങളെ സഹായിക്കും.
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ അനീതി ഉയരുമ്പോള്‍ വാക്കുകള്‍ കൊണ്ട് തീമഴ സൃഷ്ടിക്കുകയും ഇടുത്തീയായി എതിരാളികളെ കൊല്ലുകയും ചെയ്യുന്നവര്‍ സ്വന്തം തൊഴിലിടത്തില്‍ കാലങ്ങളായി ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെല്ലാം കണ്ണടച്ചു എന്നതിനാല്‍ തന്നെ സ്ഥാനമാനങ്ങള്‍ക്കതീതമായി മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ചോദ്യങ്ങള്‍ നേരിടാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സിനിമയില്‍ മാത്രമാണ് ഹീറോയിസം തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് വ്യക്തമാക്കുന്നതാണ് താരങ്ങളുടെ വിഷയത്തിന്റെ മേലുള്ള മൗനം.