96 സംവിധായകനൊപ്പം ഫഹദ്, ഇക്കുറി ഫീൽ ഗുഡല്ല, ആക്ഷൻ ത്രില്ലർ
കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രേം കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
96,മെയ്യഴകന്‍ എന്നീ സിനിമകളുടെ സംവിധായകനായ പ്രേംകുമാറിന്റെ പുതിയ സിനിമയില്‍ നായകനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍. ഫീല്‍ ഗുഡ് സിനിമകളെന്ന നിലയില്‍ തമിഴ് സിനിമയിലെ ക്ലാസിക് സിനിമകളാണ് പ്രേം കുമാറിന്റെ മുന്‍ ചിത്രങ്ങള്‍. എന്നാല്‍ 96, മെയ്യഴകന്‍ എന്നീ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് താന്‍ ഒരുക്കുന്നതെന്നും ഫഹദ് ഫാസിലാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും പ്രേം കുമാര്‍ തന്നെയാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രേം കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫഹദുമായി 45 മിനിറ്റോളം സിനിമയുടെ കഥ ചര്‍ച്ച ചെയ്‌തെന്നും ഫഹദിന് കഥ ഇഷ്ടമായെന്നും തമിഴില്‍ തന്നെയാകും സിനിമ ഒരുക്കുകയെന്നും പ്രേംകുമാര്‍ പറയുന്നു. വടിവേലുവിനൊപ്പം ചെയ്ത മാരീശനാണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് സിനിമ. നിരൂപക പ്രശംസ നേടാനായെങ്കിലും തിയേറ്ററുകളില്‍ വലിയ ലാഭം നേടാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.