Lokah Chapter One: 'ചെറിയൊരു കൂട്ടം പ്രേക്ഷകർ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെന്ന് ദുൽഖർ പറഞ്ഞു': കല്യാണി
ദുൽഖർ നിർമ്മിച്ച ഏഴാമത്തെ സിനിമയാണിത്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ കയറി കഴിഞ്ഞു. കല്യാണി പ്രിയദർശൻ നായികയായ സിനിമ നിർമിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ദുൽഖർ നിർമ്മിച്ച ഏഴാമത്തെ സിനിമയാണിത്.
ഇപ്പോഴിതാ, സിനിമയുടെ റിലീസിന് മുന്നേ ദുൽഖർ തന്നോട് പണം പോയാലും സാരമില്ല നല്ലൊരു പടം നിർമിച്ചുവെന്ന വിശ്വാസം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ബോക്സ് ഓഫീസ് നമ്പറുകൾ ശ്രദ്ധിക്കരുതെന്ന് പറഞ്ഞതായും കല്യാണി പറഞ്ഞു. സുധിർ ശ്രീനിവാസനുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി.
'റിലീസിന്റെ തലേദിവസം ദുൽഖർ എനിക്ക് മെസ്സേജയച്ചിരുന്നു. പടം ബോക്‌സ് ഓഫീസിൽ എങ്ങനെ പെർഫോം ചെയ്യുമെന്ന കാര്യത്തിൽ വലിയ ധാരണയില്ലായിരുന്നു. 'ഈ സിനിമ കാരണം എന്റെ പൈസ പോയാലും വലിയ വിഷമമൊന്നും തോന്നില്ല. കാരണം നല്ലൊരു സിനിമ ചെയ്തു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്' എന്നായിരുന്നു ദുൽഖർ പറഞ്ഞിരുന്നത്. കാരണം, ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്താലും ഇല്ലെങ്കിലും നല്ല സിനിമയാണ് ഇതെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു.
എന്നെ കാസോ എന്നാണ് ദുൽഖർ വിളിക്കുന്നത്. 'കാസോ, നീയൊരിക്കലും ഈ സിനിമയുടെ കളക്ഷൻ നമ്പറുകൾ നോക്കരുത്. ഈ പടത്തിന്റെ നിർമാതാവെന്ന നിലയിൽ ഞാൻ ഹാപ്പിയാണ്. ഇതിന് വേണ്ടിയാണ് നമ്മൾ സിനിമയിലേക്ക് വന്നത്. ചെറിയൊരു കൂട്ടം പ്രേക്ഷകർ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെങ്കിലും അത് ഈ സിനിമയുടെ യഥാർത്ഥ പ്രേക്ഷകരെ കണ്ടെത്തിയെന്ന് കരുതുക' എന്നും ദുൽഖർ പറഞ്ഞു. എനിക്കത് വലിയ ആത്മവിശ്വാസമാണ് നൽകിയത്', കല്യാണി പ്രിയദർശൻ പറയുന്നു.