ഭര്‍ത്താവ് പീറ്റര്‍ ഹാഗിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ബോളിവുഡ് താരം സെലിന ജെയ്റ്റ്ലി. ഭര്‍ത്താവ് കാരണമുണ്ടായ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി 50 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. ഓസ്ട്രിയന്‍ സംരഭകനും ഹോട്ടല്‍ ഉടമയുമായ 48കാരനായ പീറ്റര്‍ ഹാഗാണ് സെലിനയുടെ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 3 മക്കളാണുള്ളത്.
നോ എന്‍ട്രി, അപ്ന സപ്ന മണി മണി, മണി ഹേ തോ ഹണി ഹേ, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സെലിനെ ജെയ്റ്റ്ലി. നവംബര്‍ 21ന് മുംബൈ കോടതിയിലാണ് സെലീന പരാതി നല്‍കിയത്. ഹാഗ് തന്നിഷ്ടക്കാരനാണെന്നും തന്നോടും കുട്ടികളോടും സഹാനുഭൂതിയില്ലെന്നും ഹര്‍ജിയില്‍ സലീന പറയുന്നു. ഭര്‍ത്താവില്‍ നിന്ന് വൈകാരികമായും ശാരീരികമായും ലൈംഗികമായും മാനസികമായും പീഡനങ്ങള്‍ നേരിട്ടെന്നും താന്‍ ഇന്ത്യയിലേക്ക് വരാന്‍ നിര്‍ബന്ധിതമായതും ഇത് കാരണമാണെന്നും സെലിന പരാതിയില്‍ പറയുന്നു.
പ്രതിമാസം 10 ലക്ഷം രൂപ ജീവനാശമായി വേണമെന്നും ഹാഗ് തന്റെ മുംബൈയിലെ വസതിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും സെലിന കോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ 3 കുട്ടികളുടെ സംരക്ഷാണാവകാശം വേണമെന്നും സെലിന ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ കുട്ടികള്‍ ഹാഗിനൊപ്പം ഓസ്ട്രിയയിലാണ് കഴിയുന്നത്. വിവാഹവും കുട്ടികളൂം ആയതിന് ശേഷം ഹാഗ് തന്നെ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കിയെന്നും ഇത് മൂലം വരുമാന നഷ്ടമുണ്ടായതായും ഹര്‍ജിയില്‍ പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഹാഗ് വിവാഹമോചനത്തിനുള്ള ഹര്‍ജി ഓസ്ട്രിയയില്‍ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.