മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പിന്നിലായി താരപദവിയിലെത്തിയ താരമാന് സുരേഷ് ഗോപി. 90കളില്‍ ആക്ഷന്‍ സിനിമകളുടെയും തീപ്പൊരി ഡയലോഗുകളുടെയും മുഖമായിരുന്നു സുരേഷ് ഗോപി ചിത്രങ്ങള്‍. ഏകലവ്യന്‍ എന്ന സിനിമയിലൂടെ സിനിമയില്‍ തന്റേതായ താരമൂല്യം സ്വന്തമാക്കിയെങ്കിലും സുരേഷ് ഗോപി എന്ന ആക്ഷന്‍ ഹീറോ ബ്രാന്‍ഡിനെ സൃഷ്ടിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു 1994ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍ എന്ന സിനിമ.
രഞ്ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ സിനിമയായിരുന്നു തീപ്പൊരി ഡയലോഗുകളുടെ സുരേഷ് ഗോപി ബ്രാന്‍ഡിന് തുടക്കമിട്ടത്. കമ്മീഷണറുടെ വിജയത്തോടെ സ്ഥിരം പോലീസ് കഥാപാത്രങ്ങള്‍ സുരേഷ് ഗോപിയെ പിന്നീട് തേടിയെത്തുകയും ചെയ്തു. റിലീസ് സമയത്ത് കേരളത്തില്‍ വമ്പന്‍ വിജയം നേടിയ കമ്മീഷണര്‍ തമിഴിലും തെലുങ്കിലും മൊഴിമാറ്റിയെത്തി വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 2026 ജനുവരിയില്‍ സിനിമ റീ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
തെലുങ്കില്‍ 100 ദിവസത്തിന് മുകളില്‍ ഓടിയ കമ്മീഷണര്‍ സുരേഷ് ഗോപിക്ക് തെലുങ്കിലും സൂപ്പര്‍ താരപദവി സമ്മാനിച്ചിരുന്നു. കമ്മീഷണറുടെ തെലുങ്ക് മൊഴിമാറ്റ വിജയത്തിന് ശേഷം നിരവധി സുരേഷ് ഗോപി സിനിമകള്‍ തെലുങ്കില്‍ മൊഴിമാറ്റം ചെയ്യപ്പെടുകയും മലയാളത്തില്‍ അല്ലു അര്‍ജുന്‍ പിന്‍കാലത്ത് സൃഷ്ടിച്ച അതേ തരംഗം സുരേഷ് ഗോപി തെലുങ്കില്‍ തീര്‍ക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിക്ക് പുറമെ രതീഷ്, ശോഭന, രാജന്‍ പി ദേവ്, വിജയരാഘവന്‍, ബൈജു സന്തോഷ്, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.