Publish Date: Fri, 03 Sep 2021 (14:53 IST)
Updated Date: Fri, 03 Sep 2021 (14:57 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. താപ്പനയില്‍ മമ്മൂട്ടിയുടെ നായികയായും ആഗതനില്‍ ദിലീപിന്റെ നായികയായും ചാര്‍മി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്ത് തന്നെയാണ് ചാര്‍മി വിവാദങ്ങളില്‍ ഇടംപിടിച്ചതും. അതും വളരെ ഗുരുതര സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് !
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ചാര്‍മി അടക്കമുള്ള സിനിമാ താരങ്ങള്‍ സംശയ നിഴലില്‍ ആണ്. 2017 ലാണ് സംഭവം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചാര്‍മി ഇപ്പോഴും പ്രതിരോധത്തിലാണ്. ഇന്നലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചാര്‍മിയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ്.
വ്യാഴാഴ്ച ബഷീര്‍ബാഗിലെ ഇ.ഡി. ഓഫീസില്‍ ഹാജരായ ചാര്‍മി കൗറില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. 2015 മുതല്‍ 2017 വരെയുള്ള അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാടുകളും സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചത്. രാവിലെ ഓഡിറ്റര്‍മാര്‍ക്കൊപ്പമാണ് ചാര്‍മി കൗര്‍ ഇ.ഡി. ഓഫീസിലെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യംചെയ്യല്‍ തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മാത്രമാണ് ഇടവേള അനുവദിച്ചത്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണപരിധിയിലുള്ളത്.