മകന്റെ ചുണ്ടില്‍ കടിച്ച് ഉമ്മ കൊടുത്ത് ഛവി; മോശം പ്രവണതയെന്ന് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരം
അതേസമയം നിരവധിപേര്‍ ഛവിക്ക് പിന്തുണയുമായി എത്തിയിട്ടുമുണ്ട്
മക്കളുടെ ചുണ്ടില്‍ ചുംബനം നല്‍കുന്ന നടി ഛവി മിത്തലിന്റെ ചിത്രങ്ങള്‍ വിവാദത്തില്‍. കുട്ടികളെ ചുംബിക്കുന്ന ചിത്രം നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. കുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നതും അത് പരസ്യമാക്കുന്നതും മോശം പ്രവണതയാണെന്നാണ് പലരുടെയും കമന്റ്. ഇതിന് പിന്നാലെ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തി.
കുട്ടികളെ ഇങ്ങനെ ചുണ്ടില്‍ ഉമ്മ വയ്ക്കരുത്, അത്തരം ചിത്രങ്ങള്‍ പരസ്യമാക്കരുത്, അതൊക്കെ മോശം പ്രവണതയാണ് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വന്നിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം വിചിത്ര വാദങ്ങളാണെന്ന് ഛവി തന്നെ പ്രതികരിച്ചു.
ഒരമ്മ തന്റെ മക്കളെ സ്‌നേഹിക്കുന്ന രീതിയില്‍ പോലും അഭിപ്രായ ഭിന്നതകള്‍ ഉള്ളവര്‍ ഉണ്ട് എന്നത് വിചിത്രകരമാണെന്ന് ഛവി തുറന്നടിച്ചു. മക്കള്‍ക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു.
' എനിക്ക് എന്റെ മക്കളോടുള്ള സ്‌നേഹത്തിനു എങ്ങനെയാണ് അതിരുകള്‍ വയ്‌ക്കേണ്ടതെന്ന് അറിയില്ല. ഞാനവരെ സ്‌നേഹിക്കാനും പ്രകടിപ്പിക്കാനുമാണ് പരിശീലിപ്പിച്ചത്. അവരത് പരിശീലിക്കുന്നു. മറ്റുള്ളവരെ പ്രത്യേകിച്ച് സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കാതിരിക്കാനാണ് ഞാന്‍ ആകെ അവരെ പഠിപ്പിക്കുന്നത്,' ഛവി കുറിച്ചു.
അതേസമയം നിരവധിപേര്‍ ഛവിക്ക് പിന്തുണയുമായി എത്തിയിട്ടുമുണ്ട്.