വളരെ ചുരുക്കം സിനിമകൾ കൊണ്ട് ലോകമെങ്ങുമുള്ള സിനിമാപ്രേമികൾക്കിടയിൽ വലിയ ആരാധകരെ ഉണ്ടാക്കിയ ഹോളിവുഡ് സംവിധായകനാണ് ക്വിൻ്റൺ ടാറൻ്റീനോ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിൻ്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. തൻ്റെ പത്താം സിനിമയോടെ സംവിധാനത്തിൽ നിന്നും താൻ പിന്മാറുമെന്നാണ് ടാറൻ്റീനോ അറിയിക്കുന്നത്.
ദ ഹോളിവുഡ് റിപ്പോർട്ടറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദ മൂവീ ക്രിറ്റിക് എന്നാകും ടാറൻ്റീനോയുടെ പത്താമത്തെ സിനിമയുടെ പേര്. 1970കളിലെ ലോസ് ആഞ്ചലിസിൽ സംഭവിച്ച കാര്യങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന നായിക പ്രാധാന്യമുള്ളതാകും ചിത്രം. 2001ൽ അന്തരിച്ച ലോകപ്രശസ്ത നിരൂപകയും നോവലിസ്റ്റുമായ പൗളീൻ കേലിൻ്റെ ജീവിതമായിരിക്കും സിനിമയ്ക്ക് ആധാരം.
പത്ത് സിനിമകൾ മാത്രമെ ചെയ്യുകയുള്ളുവെന്നും അറുപതാം വയസിൽ ജോലി അവസാനിപ്പിക്കുമെന്നും ടാറൻ്റീനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു സംവിധായകൻ്റെ മോശം സിനിമകൾ അയാളുടെ കരിയറിൻ്റെ അവസാനമാണ് പുറത്തിറങ്ങാറുള്ളതെന്നും ചലച്ചിത്രമേഖലയിൽ ഒരു മോശം തമാശയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ടാറൻ്റീനോ പറയുന്നു.